Asianet News MalayalamAsianet News Malayalam

'വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്‍റെ ദിവാസ്വപ്നം'; രമയെ പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി

പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആർഭാടവും ധൂർത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാൻ അർഹതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullapally expresses confidence in winning vadakara with kk rama and rmp lashes out at cm
Author
Kozhikode, First Published Mar 28, 2021, 10:48 AM IST

കോഴിക്കോട്: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും കെ കെ രമയോടൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി അവകാശപ്പെട്ടു. കോൺഗ്രസുമായി യാതൊരുവിധ തർക്കവുമില്ലെന്ന് കെ കെ രമയും വ്യക്തമാക്കി. 

പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആർഭാടവും ധൂർത്തും നടത്തുന്ന പിണറായിക്ക് ആക്ഷേപം ഉന്നയിക്കാൻ അർഹതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പിആർ ജോലികൾക്കായി ഈ സർക്കാർ 1000 കോടി ചെലവഴിക്കുന്നുവെന്നാണ് ആക്ഷേപം. 

ശബരിമലക്കാര്യത്തിൽ സിപിഎമ്മിൽ ആശയ പ്രതിസന്ധിയുണ്ടെന്ന് ആരോപിക്കുന്ന മുല്ലപ്പള്ളി, നിലപാട് തരം പോലെ മാറ്റുന്നുവെന്നും പരിഹസിച്ചു. കടംകപള്ളി സുരേന്ദ്രനെതിരെ പല രേഖകളും തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട കെപിസിസി അധ്യക്ഷൻ ഇവ പുറത്ത് വിടുമെന്നും മുന്നറിയിപ്പ് നൽകി.

സപീക്കർക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാർട്ടിയാണിതെന്ന് ഓർമ്മ വേണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജൻസികളുടെ പിഴവാണ്. എന്ത് കൊണ്ടാണ് ഇത് ചെയ്യാതിരുന്നതെന്ന് താൻ ഉദ്യോഗസ്ഥരോട് ചോദിച്ചുവെന്നും മുല്ലപ്പള്ളി പറയുന്നു. മുഖ്യമന്ത്രിയുമായി പരസ്യസംവാദനത്തിന് തയ്യാറാണെന്നും മുല്ലപ്പള്ളി വടകരയിൽ പറഞ്ഞു. 

മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് സഹായം കിട്ടുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പരാതിപ്പെട്ടു. അതിൽ സങ്കടമുണ്ടെന്ന് പറയുന്ന മുല്ലപ്പള്ളി ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ആവേശമാണിപ്പോൾ പ്രചാരണ രംഗത്തുള്ളതെന്നും അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios