കോണ്‍​ഗ്രസിന്‍റെ ആത്മ വിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ച് കോണ്‍​ഗ്രസ് വിലയിരുത്തി മുന്നോട്ട് പോകുമെന്ന് മുല്ലപ്പള്ളി.

തിരുവനന്തപുരം: ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധിയെ കോണ്‍​ഗ്രസ് മാനിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്തരമൊരു ജനവിധി ഉണ്ടാകാനുള്ള അസാധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനിൽക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി തന്നെ കോണ്‍​ഗ്രസ് കാണുന്നു. കോണ്‍​ഗ്രസിന്‍റെ ആത്മ വിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ച് കോണ്‍​ഗ്രസ് വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ആത്മാർത്ഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നു. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളെ അഭിവാദ്യം ചെയ്ത മുല്ലപ്പള്ളി പരാജയത്തെ കുറിച്ചു പഠിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ജനവിധി മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും പരാജയകാരണങ്ങൾ യുഡിഎഫ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ അഴിമതിയും കൊള്ളയും ഞങ്ങളെടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. ഓരോ മണ്ഡലങ്ങളിലെയും തോൽവി അടക്കം പരിശോധിക്കും. വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ചെന്നിത്തല പറഞ്ഞു. 

ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ രാഷ്ട്രീയ രം​ഗത്ത് സു​ഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.