വിവാദമായ ഹണി ട്രാപ്പ് അടക്കം തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നാണ് ഇവരുടെ വാദം. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോഴിക്കോട്ട് എൻസിപി യോഗത്തില്‍ കയ്യാങ്കളിയുണ്ടായി. ശശീന്ദ്രന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പോഷക സംഘടനാ നേതാക്കള്‍ നാളെ ദില്ലിയില്‍ ശരത് പവാറിനെ കാണും.

കോഴിക്കോട്: എ കെ ശശീന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതിനെതിരെ എൻസിപിയിലെ അഞ്ച് പോഷക സംഘടനാ നേതാക്കള്‍ രം​ഗത്തെത്തി. എലത്തൂരില്‍ ശശീന്ദ്രന് സീറ്റ് നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം. വിവാദമായ ഹണി ട്രാപ്പ് അടക്കം തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നാണ് ഇവരുടെ വാദം. അതിനിടെ, ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോഴിക്കോട്ട് എൻസിപി യോഗത്തില്‍ കയ്യാങ്കളിയുണ്ടായി.

ശശീന്ദ്രന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പോഷക സംഘടനാ നേതാക്കള്‍ നാളെ ദില്ലിയില്‍ ശരത് പവാറിനെ കാണും. കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ശശീന്ദ്രന്‍ മല്‍സരിക്കുന്നതിന് എതിരാണ്. ശശീന്ദ്രന്‍ മല്‍സരിക്കുന്നത് ആത്മഹത്യാപരമെന്ന് നേതാക്കള്‍ പറയുന്നു. പോഷക സംഘടനാ നേതാക്കള്‍ പവാറിന് കൊടുക്കുന്ന കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ശശീന്ദ്രന് വീണ്ടും എലത്തൂരിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമായ പി എസ് പ്രകാശൻ പാര്‍ട്ടിവിട്ടിരുന്നു. യുഡിഎഫ് പ്രവേശനം നേടിയ മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പ്രകാശൻ വ്യക്തമാക്കി. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻസിപിയുടെ യുവജന വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻവൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. എൻസിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണമെന്ന് എൻവൈസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഗൗരവമുള്ള പരാതി നൽകിയിട്ടുണ്ടെന്നും പക്ഷേ പരാതികൾ നേരത്തെ പരാതികൾ അറിയിക്കേണ്ടതായിരുന്നുവെന്നുമാണ് ടി പി പിതാംബരൻ മാസ്റ്ററുടെ പ്രതികരണം. 

കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയ‍ര്‍ന്നിട്ടുണ്ട്. ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ട്. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്.