ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയിപ്പിക്കുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കസേരയിൽ തനിക്ക് യാതൊരു താത്പര്യവുമില്ലെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സ്ഥാനാർത്ഥി നിർണയത്തിൽ യാതൊരു കാർക്കശ്യവും താൻ സ്വീകരിച്ചിട്ടില്ലെന്നും ഇരിക്കൂരിൽ എന്നല്ല കേരളത്തിൽ എവിടെയും തനിക്ക് വ്യക്തിപരമായി താത്പര്യമുള്ള സ്ഥാനാർത്ഥിയില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി ജോണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരിക്കൂറിൽ സ്ഥാനാർത്ഥി നിർണയത്തിന് നേരെയുണ്ടായ പ്രതിഷേധത്തെ താൻ തള്ളിപ്പറയുന്നില്ലെന്നും സ്ഥാനാർത്ഥിയാവാൻ അനുയോജ്യരായ പലരും അവിടെയുണ്ടായിരുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സമീപകാലത്ത് പലതവണ തങ്ങൾക്ക് അനുഭവത്തിൽ വന്ന കാര്യമാണ് ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ തുറന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ.സിയുടെ വാക്കുകൾ - 

കേരളത്തിലെ നേതാക്കൻമാരുടെ യോജിച്ച പ്രവർത്തനത്തിൽ ഉയർന്നു വന്ന ലിസ്റ്റാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്. സ്ഥാനാർത്ഥി നിർണത്തിൽ യാതൊരു കാർക്കശ്യവും ഞാൻ സ്വീകരിച്ചിട്ടില്ല. കൂട്ടായ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് അണികളും ജനങ്ങളും ആ​ഗ്രഹിക്കുന്നത്. എൻ്റെ ഓർമ്മയിൽ ഈ രീതിയിൽ തലമുറ മാറ്റം സാധ്യമാക്കിയ സ്ഥാനാർത്ഥി പട്ടിക ഇതിനു മുൻപ് ഉണ്ടായിട്ടില്ല. പുതുമുഖങ്ങളും യുവത്വവും നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥാനാർത്ഥി പട്ടികയാണിത്. കോൺ​ഗ്രസിന് മാത്രമല്ല മറ്റൊരു പാർട്ടിക്കും ഇതിനു മുൻപ് ഇങ്ങനെയൊരു സ്ഥാനാർത്ഥി പട്ടിക നൽകാനായിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ ഉടനെ പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ സമരാവേശവും യുവത്വവുമുള്ള ഒരു സ്ഥാനാർത്ഥിയെയാണ് പാർട്ടി ഇറക്കിയത്. 

​ഗ്രൂപ്പുകൾ വേണ്ടാ എന്നൊന്നും ഞാൻ പറയില്ല. വർഷങ്ങളായി കേരളത്തിലെ കോൺ​ഗ്രസുകളിൽ ​ഗ്രൂപ്പുകളുണ്ട്. എന്നാൽ ഇക്കുറി ഭരണം പിടിക്കല്ലാണ് പ്രധാനം എന്ന നിലയിലാണ് ഞങ്ങൾ മുന്നോട്ട് പോയത്. എല്ലാരേയും ഒന്നിച്ചു കൊണ്ടു പോകുക എന്ന നയമാണ് ഞാൻ സ്വീകരിച്ചത്. ഞങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺ​ഗ്രസിന് സ്വന്തമായ രീതിയുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന രീതി ഞങ്ങൾക്കില്ല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൂടി ഒറ്റക്കെട്ടായി നീങ്ങുന്നുണ്ട്. രണ്ടു പേരും വൻഭൂരിപക്ഷത്തിൽ ജയിച്ചു വരും. അതിനു ശേഷം അഭിപ്രായ ഐക്യത്തോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ കോൺ​ഗ്രസ് ജയിക്കും എന്നാണ് എൻ്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ അറിയാം. പ്രചാരണത്തിൻ്റെ അവസാന ലാപ്പിലാണ് കോൺ​ഗ്രസും യുഡിഎഫും മുന്നേറുക. അതു തന്നെ ഇക്കുറിയും നടക്കും എന്നാണ് പ്രതീക്ഷ. എൻ്റെ ഒറ്റ ലക്ഷ്യം ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ്. അല്ലാതെ മറ്റൊരു ലക്ഷ്യവും എനിക്കില്ല. മുഖ്യമന്ത്രി കസേരയിലേക്ക് ഞാനില്ലെന്ന് ഉറപ്പിച്ചു പറയാം. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണെങ്കിലും അവിടെ മാത്രം ഒതുങ്ങി നിന്നല്ല ഞാൻ പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രശ്നങ്ങളും ഞാൻ സഭയിൽ ഉന്നയിക്കുന്നുണ്ട്. 

ഈ തെരഞ്ഞെടുപ്പിൽ എനിക്ക് വ്യക്തിപരമായി താത്പര്യമുള്ള ഒരു സ്ഥാനാർത്ഥിയില്ല. മത്സരിക്കുന്ന എല്ലാവരും എൻ്റെ സ്ഥാനാർത്ഥികളാണ്. നേരത്തെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥിത്വത്തിനായി നിർദേശിച്ചിട്ടും അവസാന നിമിഷം പിൻമാറേണ്ടി വന്നയാളാണ് സജി ജോസഫ്. ഇക്കുറി കെ.സി.ജോസഫ് മാറിയ സാഹചര്യത്തിലാണ് സജിജോസഫിന് മത്സരിക്കാൻ വഴിയൊരുങ്ങിയത്. അവിടെ സ്ഥാനാർത്ഥിത്വത്തിന് അർഹനായ മറ്റു പലരുമുണ്ട്. അവസരം നിഷേധിക്കപ്പെട്ടവർക്ക് പരാതിയുമുണ്ടാവും. പ്രതിഷേധങ്ങളെ ഞാൻ തള്ളിപ്പറയുകയോ വില കുറഞ്ഞ് കാണുകയോ ചെയ്യുന്നില്ല. അതൊക്കെ പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കും. ഇതിന് മുൻപ് പേരാവൂരിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിന്നീട് മാറ്റകുയും പകരം മത്സരിച്ചയാൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുമ്പ് മറയുള്ള സിപിഎമ്മിൽ പോലും പൊട്ടിത്തെറികൾ നടക്കുന്നില്ലേ.

കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് നേമത്ത്. അവിടൊരു ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് കണ്ടപ്പോൾ മുരളിയുടെ പേരാണ് വന്നത്. അതൊരു സ്പെഷ്യൽ കേസായി കണ്ടാണ് അദ്ദേഹത്തിന് മത്സരിക്കാൻ അനുമതി നൽകിയത്. ബിജെപിയും സംഘപരിവാറും ഉയർത്തുന്ന വിഭജന രാഷ്ട്രീയത്തിനെതിരെ മുന്നിൽ നിന്ന് പോരാടേണ്ടത് കോൺ​ഗ്രസാണ്. നേമം പിടിച്ചെടുക്കും എന്ന് കാടിളക്കി പ്രചാരണം നടത്തുകയാണ് ബിജെപി അതു കൊണ്ടാണ് അവരെ ശക്തികേന്ദ്രത്തിൽ പോയി നേരിടാൻ തീരുമാനിച്ചത്.

കുറച്ചു നാളായി ഞങ്ങൾക്ക് അനുഭവപ്പെടുന്ന കാര്യമാണ് ബാലശങ്കർ ഇപ്പോൾ തുറന്നു പറഞ്ഞത്. ഇതേക്കുറിച്ച് ഞങ്ങൾ പറഞ്ഞാൽ അതൊക്കെ രാഷ്ട്രീയമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ ലക്ഷ്യം കോൺ​ഗ്രസിനെ തളർത്തുക എന്നതാണ്. സിപിഎമ്മിന് ഏതു വിധേനയും കോൺ​ഗ്രസിനേയും യുഡിഎഫിനേയും തോൽപിച്ച് ഭരണത്തുടർച്ച ഉറപ്പാക്കണം. ഈ രണ്ട് താത്പര്യങ്ങളും ഒരു പോയിൻ്റിൽ ഒന്നിച്ചു നിൽക്കുന്ന അവസ്ഥയാണ്. ഈ ആരോപണത്തിനെതിരെ രണ്ട് കൂട്ടരും മൗനം പാലിക്കുകയാണ്. ഇത്രയും ​ഗൗരവമുള്ള ആരോപണം സംഘപരിവാറിലെ ഉന്നതൻ ഉയർത്തിയിട്ടും ഇവർ വ്യക്തമായ വിശദീകരണം നൽകുന്നില്ല. 

ഒ.രാജ​ഗോപാൽ സമീപകാലത്ത് പറഞ്ഞ പല കാര്യങ്ങളും അദ്ദേഹം തന്നെ തിരുത്തി പറയുന്ന അവസ്ഥയുണ്ട്. ഞാനോ എൻ്റെ അറിവിൽ ഏതെങ്കിലും കോൺ​ഗ്രസ് നേതാക്കളെ ബിജെപിയുമായി സഹകരിച്ചിട്ടില്ല. അടിസ്ഥാന പരമായി ബിജെപിയും ജനസംഘവും സംഘപരിവാറും കോൺ​ഗ്രസിൻ്റെ ശത്രുക്കളാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും കൂട്ടായ ഉത്തരവാദിത്തമാണ്. സ്ഥാനാർത്ഥി നിർണയത്തിലടക്കം ഏറ്റവും കുറഞ്ഞ തോതിൽ ഇടപെട്ടയാളാണ് ഞാൻ. നിലവിലുള്ള പ്രശ്നങ്ങൾ മുന്നോട്ടുള്ള യാത്രയിൽ പരിഹരിക്കപ്പെടും എന്നാണ് എൻ്റെ പ്രതീക്ഷ. കോൺ​ഗ്രസിൽ നിന്നും ആരെങ്കിലും ഇടഞ്ഞു പുറത്തു പോയാൽ അവരെ കാത്തിരിക്കുകയാണ് ബിജെപി. അവരുടെ ​ഗതിക്കേടാണ് ഇതിലൂടെ കാണുന്നത്. ഭിന്നിച്ചു നിൽക്കുന്ന നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടു പോകുന്ന പരിപാടിയാണ് അവരുടേത്.