Asianet News MalayalamAsianet News Malayalam

മൂന്ന് ഇടത് എംഎൽഎമാരിൽ രണ്ട് പേരും സംസ്ഥാന നേതാക്കൾ; എന്നിട്ടും കാസർകോടിന് മന്ത്രിസ്ഥാനം ഇല്ല

ജില്ല രൂപീകരിച്ച ശേഷം 1987 ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ഇകെ നായനാർ മത്സരിച്ച് മുഖ്യമന്ത്രിയായിരുന്നു. ഇതൊഴിച്ചാൽ സിപിഎമ്മിന് കാസർകോട് നിന്ന് ഇതുവരെ മന്ത്രിയുണ്ടായിട്ടില്ല

No Minister for Kasaragod in Second Pinarayi Govt in Kerala
Author
Kasaragod, First Published May 19, 2021, 4:04 PM IST

കാസർകോട്: സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും സിപിഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗവും ഉൾപ്പെടെ മൂന്ന് ഇടത് എംഎൽഎമാർ ഉണ്ടായിട്ടും മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതെ പിന്നാക്ക ജില്ലയായ കാസർകോട്. ജില്ലയോടുള്ള അവഗണനയുടെ തുടർച്ചയാണ് മന്ത്രിസഭയിലെ തഴയലെന്നാണ് പൊതു അഭിപ്രായം. എന്നാൽ സിപിഎം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ജില്ലക്ക് വേണ്ടി സമ്മർദ്ദം ചെലുത്തേണ്ടവർ നിശബ്ദരായെന്ന് പാർട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.

ജില്ല രൂപീകരിച്ച ശേഷം 1987 ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ഇകെ നായനാർ മത്സരിച്ച് മുഖ്യമന്ത്രിയായിരുന്നു. ഇതൊഴിച്ചാൽ സിപിഎമ്മിന് കാസർകോട് നിന്ന് ഇതുവരെ മന്ത്രിയുണ്ടായിട്ടില്ല. കഴിഞ്ഞ തവണ സിപിഐയിലെ ഇ ചന്ദ്രശേഖരനാണ് 34 വർഷത്തിന് ശേഷം ജില്ലയിൽ നിന്നും ഇടത് മന്ത്രിസഭയിലെത്തിയത്. മുസ്ലീം ലീഗിലെ ചെർക്കളം അബ്ദുള്ള രണ്ട് തവണയും സിടി അഹമ്മദലി ഒരു തവണയും മന്ത്രിയായി. 

ഇത്തവണ മൂന്ന് സിറ്റിങ് സീറ്റുകളും ഇടതുപക്ഷം നിലനിർത്തിയത് വലിയ ഭൂരിപക്ഷത്തിലാണ്. കാഞ്ഞങ്ങാട് നിന്ന് മൂന്നാം തവണയും ജയിച്ച മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് സിപിഐയിലെ മാനദണ്ഡമാണ് തിരിച്ചടിയായത്. എന്നാൽ ഉദുമയിൽ നിന്നും ജയിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎച്ച് കുഞ്ഞമ്പു ഇത്തവണ മന്ത്രിയാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇടത് അനുഭാവികൾ. ഇത്തവണയും തഴയപ്പെട്ടതോടെ വലിയ നിരാശയാണ് അണികൾക്ക്. കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും സമ്മർദ്ദം ചെലുത്തേണ്ട ജില്ലയിലെ മുതിർന്ന നേതാക്കൾ മൂപ്പിളമത്തർക്കത്തിന്‍റെ പേരിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നാണ് സിപിഎം വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios