Asianet News MalayalamAsianet News Malayalam

പി.ജയരാജൻ, ആയിഷ പോറ്റി, രാജു എബ്രഹാം എന്നിവര്‍ക്ക് സീറ്റില്ല: തരൂരിൽ പി.കെ.ജമീല, ബാലഗോപാൽ കൊട്ടാരക്കരയിൽ

പി.ജയരാജനും രാജു എബ്രഹാമും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ ധാരണ. 

No seat for P jayarajan in assembly election
Author
Thiruvananthapuram, First Published Mar 5, 2021, 12:48 PM IST

തിരുവനന്തപുരം: രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമര്‍ശനം. നയം കര്‍ശനമായി നടപ്പാക്കും മുൻപ് വിജയസാധ്യത പരിശോധിക്കണമെന്നും ഉറച്ച സീറ്റുകളിൽ പരീക്ഷണം നടത്തരുതെന്നും ഇന്ന് എകെജി സെൻ്ററിൽ ചേര്‍ന്ന് സിപിഎം സംസ്ഥാന സമിതിയിൽ അഭിപ്രായമുയര്‍ന്നു. 

വിജയസാധ്യതയുള്ള സീറ്റുകളിൽ ഭാഗ്യപരീക്ഷണം അരുതെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉയര്‍ന്നത്. അമ്പലപ്പുഴയിൽ ജി.സുധാകരനും ആലപ്പുഴയിൽ തോമസ് ഐസകിനുമാണ് വിജയസാധ്യതയുള്ളതെന്നും അവര്‍ മാറിയാൽ അതു വിജയസാധ്യതയെ ബാധിക്കുമെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ ശുപാര്‍ശയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതിയിൽ എതിരാഭിപ്രായം ഉയര്‍ന്നത്. സുധാകരനേയും തോമസ് ഐസകിനേയും വീണ്ടും മത്സരിപ്പിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. അതേസമയം  ഇപി ജയരാജൻ മത്സരിച്ച മട്ടന്നൂര്‍, എ.കെ.ബാലൻ മത്സരിച്ച തരൂര്‍, സി.രവീന്ദ്രനാഥ് മത്സരിച്ച പുതുക്കാട് അടക്കമുള്ള സീറ്റുകളിൽ ഈ പരാതി ഉയര്‍ന്നില്ല. തോമസ് ഐസകും ജി.സുധാകരനും ഒരുവട്ടം കൂടി അവസരം കൊടുക്കണമെന്ന് ആലപ്പുഴയ്ക്ക് പുറത്തുള്ള ജില്ലകളിലെ നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. 

സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കൊടുവിൽ സ്ഥാനാര്‍ത്ഥി പട്ടികയിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.മധുവിനെയാണ്. എന്നാൽ ജി.സ്റ്റീഫൻ്റെ പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയര്‍ന്നിരിക്കുന്നത്. നാടാര്‍ സമുദായത്തിൽ നിന്നുള്ള ജി.സ്റ്റീഫനെ ഇറക്കിയാൽ സമുദായിക സമവാക്യങ്ങൾ അനുകൂലമായി വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

കൊല്ലം കൊട്ടാരക്കര സീറ്റിൽ ആയിഷ പോറ്റിക്ക് ഇക്കുറി അവസരം കിട്ടിയേക്കില്ലെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാലിൻ്റെ പേരാണ് കൊട്ടാരക്കരയിൽ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. കണ്ണൂര്‍ സിപിഎമ്മിലെ കരുത്തനായ പി.ജയരാജൻ ഇപ്രാവശ്യം മത്സരിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടായ മറ്റൊരു തീരുമാനം. ഇപി ജയരാജൻ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിന്ന സാഹചര്യത്തിൽ പി.ജയരാജൻ മത്സരിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. 

നേരത്തെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യതാ പട്ടികയിലും പി.ജയരാജൻ്റെ പേരുണ്ടായിരുന്നില്ല. തൃത്താലയിൽ എം.ബി.രാജേഷ് വീണ്ടും മത്സരിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടവരാണ് എംബി രാജേഷും, കെ.എൻ.ബാലഗോപാലും, പി.ജയരാജനും ഇവരിൽ ജയരാജന് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തത്. 

സിപിഎം മത്സരിച്ചു വരുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു കൊടുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 1996 മുതൽ കഴിഞ്ഞ അഞ്ച് തവണയായി രാജു എബ്രഹാം സിപിഎമ്മിനായി വിജയം ആവര്‍ത്തിക്കുന്ന സീറ്റാണിത്. ഇതോടെ രാജു എബ്രഹാം മത്സരിക്കില്ലെന്ന് വ്യക്തമായി. പാലക്കാട്ടെ സംവരണ സീറ്റായ തരൂരിൽ സിറ്റിംഗ് എംഎൽഎയായ എ.കെ.ബാലന് പകരം ഭാര്യ പി.കെ.ജമീല മത്സരിക്കും. നേരത്തെ സംസ്ഥാന നേതൃത്വത്തിൻ്റെ നി‍ര്‍ദേശ പ്രകാരം ജമീലയുടെ പേര് ജില്ലാ കമ്മിറ്റി തരൂരിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച എ.കെ.ബാലൻ തൻ്റെ ഭാര്യ തരൂരിൽ മത്സരിക്കുമെന്നത് ശുദ്ധ അസംബന്ധമാണെന്നാണ് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios