Asianet News MalayalamAsianet News Malayalam

പിണറായി വിജയൻ നാളെ ​ഗവർണറെ കാണും, രാജിക്കത്ത് നൽകും; മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ്

പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിനസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു. 

pinarayi vijayan will meet the governor tomorrow and submit his resignation letter
Author
Thiruvananthapuram, First Published May 2, 2021, 11:04 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ​ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. 

പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിനസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു. ദേശീയ തലത്തിലും ശ്രദ്ധേയമായ വിജയമാണ് ക്യാപ്റ്റന്‍ പിണറായി പാര്‍ട്ടിക്കും മുന്നണിക്കും സമ്മാനിച്ചത്. പിണറായിയുടെ ചുമലിലേറി കൂടുതൽ കരുത്തോടെയാണ് തുടർഭരണത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയത്. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും വിജയത്തിന് 2016നെക്കാളും പകിട്ട് ഉണ്ട്. ആറ്റിക്കുറുക്കി  എൻപത് സീറ്റെന്ന് പാർട്ടി വിലയിരുത്തിയെങ്കിലും ജനം കരുതിവച്ചത് അതിലുമേറെയാണ്. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. പിണറായിയും,കെ കെ ശൈലജയും, എംഎം മണിയുമെല്ലാം വിജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിലാണ്. 

സിപിഎമ്മിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാർ വിജയിച്ചപ്പോൾ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം മുന്നണിക്ക് നഷ്ടമേകി. മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലായിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും  തിരിച്ചടിയായി. ആലപ്പുഴ,അമ്പലപ്പുഴ,കോഴിക്കോട് നോർത്ത്,തൃശൂർ അടക്കം ടേം വ്യവസ്ഥയിൽ പ്രമുഖരെ മാറ്റി റിസ്ക്കെടുത്ത രണ്ട് ഡസൻ മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഎം ,സിപിഐ നേതൃത്വങ്ങൾക്ക് ആശ്വാസമായി. എന്ത് വിലക്കൊടുത്തും തോല്പിക്കാൻ നേതൃത്വവും അണികളും ആഞ്ഞിറങ്ങിയ വടക്കാഞ്ചേരിയിലും,അഴീക്കോടും,തൃത്താലയിലും യുഡിഎഫ് യുവനിര തോറ്റത് ഇടതുക്യാമ്പിന്‍റെ ആവേശം കൂട്ടി.

ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയക്കാൾ മൂന്നിരട്ടി വ്യത്യാസത്തിലാണ് കരുത്തോടെ സിപിഎം വിജയിച്ചത്. 12ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസിന് 22 സീറ്റ്ലീ,ഗിന് 14. വൻവിജയം പ്രതീക്ഷിച്ച ഉമ്മൻചാണ്ടി ഭൂരിപക്ഷത്തിൽ അഞ്ചക്കം കടന്നില്ല. ഹരിപ്പാടും ഭൂരിപക്ഷം കുറഞ്ഞു. നേമത്ത് മൂന്നാമനായ കെ.മുരളീധരന് നേടാനായത് 35000ത്തോളം വോട്ടുകൾ മാത്രം. തൃശൂരിൽ പത്മജയുടെ തോൽവിയും ഇരട്ടപ്രഹരമായി. യുഡിഎഫിൽ തിളക്കമേറിയ വിജയം നേടിയത് കെകെ രമയും മാണി സി കാപ്പനും. ഇടതു തേരോട്ടത്തിൽ ബിജെപി അക്കൗണ്ടും പൂട്ടി.നേമത്ത് കുമ്മനം തോറ്റത് അയ്യായിരത്തിലേറെ വോട്ടുകൾക്ക്.വിജയത്തിനരികെ എത്തി ഇ.ശ്രീധരനും ഷാഫി പറമ്പിലിനു മുന്നിൽ വീണു.

Follow Us:
Download App:
  • android
  • ios