കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം. കോന്നി സീറ്റിന് പിന്നാലെ മൂവാറ്റുപുഴയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴക്കന് നൽകരുത്. വാഴയ്ക്കൻ മൂവാറ്റുപുഴ സീറ്റിന് അർഹനല്ല എന്നാണ് സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ എന്ന പേരിലുള്ള പോസ്റ്ററിലുള്ളത്. കെപിസിസി ആസ്ഥാനത്ത് ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 

നേരത്തെ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്ററിന് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കരുതെന്നും ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നുമായിരൂന്നു പോസ്റ്ററിലെ ആരോപണം. സോളാർ കേസ് വന്നപ്പോൾ യജമാനെ സംരക്ഷിച്ചതും നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നവരെ തോൽപ്പിക്കാൻ ശ്രമിച്ചതുമാണോ റോബിൻ പീറ്ററിന് മത്സരിക്കാനുള്ള യോഗ്യതയെന്നായിരുന്നു പോസ്റ്ററിലെ ചോദ്യം.