തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ വിമര്‍ശനം. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോൺഗ്രസിൻ്റെ പേരിലാണ് എംഎൽഎ ഹോസ്റ്റലിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ഇരു ഗ്രൂപ്പുകളും ഒരേ സ്വരത്തില്‍ മുല്ലപ്പള്ളിയെ  മാറ്റണമെന്നാണ്  കേന്ദ്ര നേതൃത്വത്തോട്  ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചാരണത്തില്‍ പോലും മുല്ലപ്പള്ളി ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്ഡിന് മുന്നിലെത്തിയിട്ടുണ്ട്. 

അതേസമയം, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും ഈ ആരോപണം മുല്ലപ്പള്ളി ഉന്നയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona