കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെ മുന്നണികളിൽ പോസ്റ്റർ യുദ്ധം കൂടുതൽ ചൂടുപിടിക്കുന്നു. കൊല്ലത്ത് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെ മത്സരിപ്പിക്കുന്നതിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളെ ഒഴിവാക്കണം. ഗ്രൂപ്പ് തിന്ന് ജീവിക്കുന്ന ദേശാടനക്കിളിയെ കൊല്ലത്തിന് വേണ്ട എന്നുമാണ് പോസ്റ്ററുകളിലൂടെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 

എന്നാൽ പ്രശ്നങ്ങളൊന്നുമില്ലെന്നും മുന്നണിയിലെ ഐക്യം തകർക്കാനുള്ള ശ്രമമാണ് പോസ്റ്ററിനു പിന്നിലെന്നുമാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഇക്കാര്യത്തിൽ പ്രതികരിച്ചത്. പോസ്റ്റർ പതിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബിന്ദുകൃഷ്ണ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 

മുന്നണികളിൽ പോസ്റ്റർ യുദ്ധം, പാർട്ടി പരിഗണിച്ച സ്ഥാനാർത്ഥികളെ വേണ്ടെന്ന് അണികൾ

നേരത്തെ കഴക്കൂട്ടത്ത് കോൺഗ്രസ്‌ പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പോസ്റ്ററുകൾ പതിച്ചിരുന്നു. ഇറക്കുമതി സ്ഥാനാർത്ഥിയെ കഴക്കൂട്ടത്തിന് വേണ്ട, ഇറക്കുമതി സ്ഥാനാർത്ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബിജെപിക്ക് വോട്ട് കൊടുക്കാൻ വേണ്ടിയോ എന്നാണ് പോസ്റ്ററിലൂടെ ഒരുവിഭാഗം ഉയർത്തുന്ന ചോദ്യം.