മണ്ഡലത്തില്‍ പുതിയതായി പരിഗണിക്കുന്ന എച്ച് സലാമിന് എതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. വലിയ ചുടുകാട്ടിൽ ആണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ വ്യാപക പോസ്റ്ററുകൾ. ജി സുധാകരനെ മാറ്റിയാൽ മണ്ഡലം തോൽക്കുമെന്നും പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ടേന്നും എന്നും ചോദിച്ചാണ് പോസ്റ്ററുകള്‍. മണ്ഡലത്തില്‍ പുതിയതായി പരിഗണിക്കുന്ന എച്ച് സലാമിന് എതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. വലിയ ചുടുകാട്ടിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

അമ്പലപ്പുഴയിൽ ജി. സുധാകരൻ മാറിയതിൽ പ്രാദേശികമായ എതിർപ്പ് ശക്തമാണ്. ആലപ്പുഴ സീറ്റിൽ ഐസക്കിന്‍റെ അഭാവവും കീഴ്ഘടങ്ങളെ അസ്വസ്ഥമാക്കുന്നു. ഇരുവരും അനൗദ്യോഗിക പ്രചാരണം പോലും തുടങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അപ്രതീക്ഷിത നീക്കം. തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും അവസരം ലഭിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്. ജില്ലയിലെ ആകെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്ന തീരുമാനമെന്നാണ് യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കിയത്. എന്നാൽ എതിർപ്പുകളും സമ്മർദ്ദങ്ങളുമെല്ലാം സംസ്ഥാന നേതൃത്വം പൂർണ്ണമായി തള്ളുകയായിരുന്നു. പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക അംഗീകാരത്തിനായി ഇന്ന് ജില്ലാ നേതൃത്വത്തിന് മുന്നിലെത്തും.