ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം കൊടുത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചന്ദ്രശേഖരന് പകരം ബങ്കളം കുഞ്ഞികൃഷ്ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.

കാസ‌ർകോട്: കാഞ്ഞങ്ങാട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയിൽ പ്രതിഷേധം. നിയോജക മണ്ഡലം കൺവെൻഷൻ ബഹിഷ്ക്കരിച്ച് 10 ബ്രാഞ്ച് സെക്രട്ടറിമാർ ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധതയറിയിച്ചു. മടിക്കൈ, അമ്പലത്തുക്കര ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.

ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം കൊടുത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചന്ദ്രശേഖരന് പകരം ബങ്കളം കുഞ്ഞികൃഷ്ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് ബങ്കളം. പ്രതിഷേധമുയർത്തിയ ബ്രാഞ്ച് സെക്രട്ടറിമാർ ഇല്ലാതെ മണ്ഡലം കൺവെൻഷൻ നടക്കുകയാണ്. നേതൃത്വത്തിന്റെ അനുനയ നീക്കം ഫലിച്ചില്ല. 

മൂന്നാം തവണ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഇ ചന്ദ്രശേഖരൻ നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ചന്ദ്രശേഖരനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന കൗൺസിൽ നിർദ്ദേശിച്ചത്. സിപിഐ കാസർകോട് ജില്ലാ കൗൺസിൽ യോഗത്തിലും ചന്ദ്രശേഖരൻ തന്നെ മത്സരിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും ഇ ചന്ദ്രശേഖരൻ തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണുയർന്നത്.