ദില്ലി: പശ്ചിമ ബംഗാളിൽ നാളെ നടക്കുന്ന ഇടത്-കോൺഗ്രസ് റാലിയിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറി. പശ്ചിമബംഗാളിലും കേരളത്തിലുമടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് റാലിയിൽ നിന്ന് രാഹുൽ പിന്മാറിയത്. മാർച്ച് ഒന്ന് വരെ രാഹുലിന്റെ തമിഴ്നാട് സന്ദർശനം നീളും.

ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് - ഇടത് പാർട്ടികളുടെ സഖ്യമാണ് നേരിടുന്നത്. ധാരണ പ്രകാരം, 193 സീറ്റുകളിലെ 101 ൽ ഇടതു പാർട്ടികളും 92 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. ബിജെപി- തൃണമൂൽ നേർക്കുനേർ പോരാട്ടമാകും ബംഗാളിലെങ്കിലും, നിർണായക സ്വാധീനമാകാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇടത് പാർട്ടികളും. 

എന്നാൽ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിൽ. ബംഗാളില്‍ ഇടതുമായി സഖ്യമെങ്കിൽ, കേരളത്തില്‍ മുഖ്യ എതിരാളിയാണ് ഇടതുപക്ഷം. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമ്പോഴും രാഹുല്‍ ഇനിയും പശ്ചിമബംഗാളില്‍ എത്താത്തതിന് കാരണവും അത് തന്നെ.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഇത്തവണ ഇടതിനും കോൺഗ്രസിനും ഒരു പോലെ പ്രധാനപ്പെട്ടതുമാണ്. ഈ സാഹചര്യത്തിൽ ബംഗാളിൽ നടക്കുന്ന ഇടത്-കോൺഗ്രസ് റാലിയിൽ പങ്കെടുക്കുന്നത്, കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളടക്കം പങ്കുവെച്ചത്. 

കേരളത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്  മത്സരിക്കുമ്പോള്‍ ബംഗാളില്‍ സിപിഎമ്മിന് വേണ്ടി വോട്ട് ചോദിക്കാന്‍   രാഹുല്‍ഗാന്ധിക്ക്  ധൈര്യമുണ്ടോയെന്ന് ബിജെപി വെല്ലുവിളിച്ചിരുന്നു. റാലിയില്‍ പങ്കെടുത്താല്‍   ഇടത് സഖ്യവുമായുളള രാഹുല്‍ഗാന്ധിയുടെ നീക്ക് പോക്കിനെ സിപിഎമ്മും കേരളത്തില്‍  ചോദ്യം ചെയ്യാനിടയുണ്ട്. മാത്രമല്ല വയനാട് എംപിയെന്ന രാഹുല്‍ഗാന്ധിയും പദവിയും ബംഗാള്‍ യാത്രക്ക് തടസമാണ്. രാഹുല്‍ഗാന്ധിക്ക് പകരം ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ്  ബാഘലാകും റാലിയില്‍ പങ്കെടുക്കുക. അതേ സമയം സഖ്യറാലിയില്‍ നിന്നുള്ള രാഹുല്‍ഗാന്ധിയുടെ പിന്മാറ്റം ബംഗാളില്‍ ബിജെപി ആയുധമാക്കിയേക്കും.