ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി.

തൃശ്ശൂര്‍: ലീ​ഗ് വിഷയത്തിൽ നിലപാട് ആവർത്തിച്ച് ശോഭ സുരേന്ദ്രൻ. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി. ജമ്മു കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം. താന്‍ പറഞ്ഞത് ബിജെപി നിലപാടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്. 

എന്നെക്കുറിച്ച് കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്റെ തൂക്കം മുരളി നോക്കണ്ട. അച്ഛന്റെ കൈ പിടിച്ചു രാഷ്ട്രീയത്തിലേക്ക് വന്നതാണ് മുരളി. താൻ സാധരൈണ കുടുംബത്തില്‍ നിന്ന് വന്നതാണ്. മുരളിയെപ്പോലെ അച്ഛന്റെ മേൽവിലാസം അല്ല തനിക്കുള്ളത്. ഭരണത്തിൽ ഇരിക്കെ ഉപതെരഞ്ഞെടുപ്പിൽ തോറ്റ ഏക മന്ത്രിയാണ് മുരളീധരനെന്നും ശോഭ പരിഹസിച്ചു. പാർട്ടിയിൽ നേരത്തെ തന്നെ സജീവമാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനും പ്രസംഗിക്കാനും ആളുകൾ വേണം. അതാണ് ചെയ്യുന്നത്. മത്സരിക്കാൻ നേതാക്കൾ നിര്‍ബന്ധിക്കേണ്ട സാഹചര്യമില്ല. നേതൃത്വത്തിന് കാര്യങ്ങൾ അറിയാം. മത്സരിക്കാൻ നിര്‍ബന്ധിക്കുമെന്നും കരുതുന്നില്ലെന്നും ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും ശോഭ പറഞ്ഞു. 

ബിജെപിയെ നേരിടാൻ ആസൂത്രിത നീക്കം നടക്കുന്നു. ഇടത് പക്ഷവും വലത് പക്ഷവും യോജിച്ചു പ്രവർത്തിക്കുന്നു. നടപ്പിലാക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങൾ മാത്രമേ ബിജെപി മുന്നോട്ട് വക്കുന്നുള്ളൂ. പിഎസ്‍സി ഉദ്യോഗർത്ഥികളോട് ഒരു മന്ത്രി പോലും ചർച്ചക്ക് പോകാത്തത് അഹങ്കാരമാണെന്നും എല്‍ഡിഎഫ് മാത്രമല്ല യുഡിഎഫും പിന്‍വാതിൽ നിയമനം നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എ വിജയരാഘവൻ വായ തുറന്നാൽ ഗുണം ലഭിക്കുന്നത് യുഡിഎഫിനാണ്. വിജയരാഘവൻ്റെ ഫോട്ടോ കോൺഗ്രസ്സ് -ലീഗ് ഓഫീസിൽ വെയ്ക്കാമെന്നും ശോഭ പരിഹസിച്ചു.