പാലക്കാട്: കോൺ​ഗ്രസ് നേതാവ് എ.കെ.ആൻ്റണിക്കെതിരെ അതിരൂക്ഷവിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ്.രാമചന്ദ്രൻ പിള്ള. യാതൊരു ജനാധിപത്യവുമില്ലാത്ത പാർട്ടിയാണ് കോൺ​ഗ്രസെന്നും ആ പാർട്ടിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാൽ എ.കെ.ആൻ്റണി പാർട്ടിയിലുണ്ടാവില്ലെന്നും എസ്.രാമചന്ദ്രൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഗൗരവമുള്ള രാഷ്ടീയ പ്രവർത്തകനെന്ന നിലയിൽ നിന്ന് ആൻ്റണി തരം താണു. ആൻ്റണിയുടെ പ്രസ്താവനകളെ തങ്ങൾ ഗൗരവത്തോടെ കാണുന്നില്ലെന്നും എപ്പോഴെങ്കിലുമൊക്കെ വന്ന് എന്തെങ്കിലുമൊക്കെ പറയുകയാണ് ആൻ്റണിയെന്നും എസ്.ആർ.പി പരിഹസിച്ചു. രാജ്യത്തെ നിയമവാഴ്ചയെ വരെ അട്ടിമറിച്ചാണ് കേന്ദ്ര ഏജൻസികൾ ഇടതുപക്ഷത്തിനെതിരെ നീങ്ങുന്നത്. കേന്ദ്ര ഏജൻസികളുടെ ​ഗൂഢലക്ഷ്യം തുറന്നു കാണിക്കുന്നതിനാണ് ജുഡീഷ്യൽ ഏജൻസികളെ രം​ഗത്തിറക്കിയത്. അതിൻ്റെ പേരിൽ അവരെന്തിനാണ് ഭയക്കുന്നതെന്നും എസ്.ആർ.പി ചോദിച്ചു.