പത്തനംതിട്ട: സിപിഎം സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി ചേര്‍ന്ന പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുന്നു. രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. നാളെ (ഞായർ) ജില്ലാ കമ്മിറ്റി യോഗവും ചേരും. 

ജില്ലയിൽ രണ്ട് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. കോന്നിയിൽ കെ യു ജനീഷ് കുമാറും ആറന്മുളയിൽ വീണ ജോർജിനുമാണ് സംസ്ഥാന സമിതിയുടെ അംഗീകാരം. സംസ്ഥാന സമിതി തീരുമാനത്തിന് മാറ്റമുണ്ടാവില്ല. അതേസമയം റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വിട്ടു കൊടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. 

റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കരുതെന്നും അവിടെ സിപിഎം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നും ആവശ്യമുയര്‍ന്നു. കേരള കോൺഗ്രസ്സിന് നൽകിയാൽ സീറ്റ്  നഷ്ടപെടാൻ സാധ്യതയുണ്ടെന്നും നേതാക്കൾ വിമര്‍ശിച്ചു. എന്നാൽ സംസ്ഥാന സമിതിയുടെ തീരുമാനത്തെ തിരുത്താൻ തക്ക പിന്തുണ ഈ ആവശ്യത്തിന് ജില്ലാ സെക്രട്ടേറിയറ്റിൽ കിട്ടിയില്ലെന്നാണ് സൂചന.