Asianet News MalayalamAsianet News Malayalam

മധ്യകേരളത്തിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ പോളിംഗിൽ വർധന

അവസാന കണക്കുകളില്‍ പോളിംഗ് ശതമാനത്തിൽ മാറ്റം വന്നേക്കാമെങ്കിലും പോരാട്ട വീര്യം കണ്ട മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ന്ന പോളിംഗ്.

tight fight central kerala
Author
Kochi, First Published Apr 7, 2021, 1:24 PM IST

കൊച്ചി: മധ്യ കേരളത്തില്‍ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധന. കുന്നംകുളത്തും വടക്കാഞ്ചേരിയിലും കുന്നത്തുനാട്ടിലും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വാശീയേറിയ രാഷ്ട്രീയ പോരാട്ടം നടന്ന കോട്ടയത്തെ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ താരതമ്യേനെ പോളിംഗ് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി. 

അവസാന കണക്കുകളില്‍ പോളിംഗ് ശതമാനത്തിൽ മാറ്റം വന്നേക്കാമെങ്കിലും പോരാട്ട വീര്യം കണ്ട മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ന്ന പോളിംഗ്. തൃശൂര്‍ ജില്ലയില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന യുഡിഎഫ് വലിയ പോരാട്ടം കാഴ്ചവെച്ച കുന്നംകുളത്തും വടക്കാഞ്ചേരിയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ചേലക്കര, കയ്പമംഗലം പുതുക്കാട് മണ്ഡലങ്ങളിലും പോളിംഗ് ഉയര്‍ന്നു. ഇടത് ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.

ആലപ്പുഴയിലെ തീരദേശ മണ്ഡലങ്ങളായ അരൂരിലും ചേര്‍ത്തലയിലും 80 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. ഇടതു കോട്ടകളില്‍ ഇത്തവണ യുഡിഎഫ് നടത്തിയ ശക്തമായ മത്സരമാണ് പോളിംഗ് ശതമാനം ഉയര്‍ത്തിയത്. ആലപ്പുഴയിലെ തീരമേഖലയിലെ മണ്ഡലങ്ങളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ചെങ്ങന്നൂര്‍ അടക്കമുള്ള അപ്പര്‍ കുട്ടനാട് മേഖലയില്‍ അത്ര ആവേശം ദൃശ്യമായില്ല. 

കോട്ടയത്ത് വാശിയേറിയ പോരാട്ടം നടന്ന പാലയിലും പൂഞ്ഞാറും പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധനയില്ല. എങ്കിലും കിട്ടേണ്ട വോട്ടുകളെല്ലാം വീണുവെന്നാണ് മുന്നണികളുടെ വാദം. പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും ഒരു പോലെ വിജയം അവകാശപ്പെട്ടു കഴിഞ്ഞു. മൂന്നു മുന്നണികളേയും വെല്ലുവിളിച്ച് പിസി ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാറിലും സ്ഥിതി മറിച്ചല്ല. ശക്തി കേന്ദ്രങ്ങളില്‍ പോളിഗ് കൂടിയതിന്‍റെ ആത്മ വിശ്വാസത്തിലാണ് പിസി ജോര്‍ജ്.

വിദേശ കുടിയേറ്റ മേഖലയായ കടുത്തുരുത്തിയില്‍ വാശിയേറിയ പോരാട്ടമാണെങ്കിലും പതിവു പോലെ പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായില്ല. തൃശൂരിലും ആലപ്പുഴയിലും തീരമേഖലയില്‍ പോളിംഗ് ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ അത് പ്രതിഫലിച്ചില്ല. വൈപ്പിനില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത് ഇടത് കേന്ദ്രങ്ങളില്‍ ആത്മ വിശ്വാസം കൂട്ടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios