കൊച്ചി: ട്വൻ്റി ട്വൻ്റി മത്സരിക്കുന്നത് ഒരു മുന്നണിയെയും സഹായിക്കാനല്ലെന്ന് ട്വൻ്റി ട്വൻ്റി ചീഫ് കോ‍ർഡിനേറ്റർ സാബു ജേക്കബ്. ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ഏത് മുന്നണിയെ സഭയില്‍ പിന്തുണക്കണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്വന്‍റി ട്വന്‍റി പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാകുമെന്ന് സാബു ജേക്കബ് ഉറപ്പിച്ച് പറയുന്നു.  

എറണാകുളം ജില്ലയിലെ യുഡിഎഫ് ആധിപത്യം ഇല്ലാതാക്കി ഇടതു മുന്നണിയെ കൂടുതല്‍ സീറ്റില്‍ ജയിപ്പിക്കാനാണെന്ന പ്രചരണത്തോടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. ചിലർ ഇടത് മുന്നണിയെ സഹായിക്കാനാണെന്നും, ചിലർ യുഡിഎഫിന് സഹായിക്കാനാണെന്നും മറ്റ് ചിലർ ബിജെപി സഹായിക്കാനാണെന്നും പറയുന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും അത് വഴി വോട്ട് പിടിക്കാനാണെന്നും സാബു ജേക്കബ് പറയുന്നു.

നാട് വികസിക്കണമെന്നും മുന്നോട്ട് പോകണമെന്നും ആഗ്രഹിക്കുന്ന ആളുകളാണ് ട്വൻ്റി ട്വൻ്റിക്ക് വോട്ട് ചെയ്യുന്നതെന്നാണ് സാബു ജേക്കബിന്റെ അവകാശവാദം. ട്വന്‍റി ട്വന്‍റി പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്ന സാബു ജേക്കബ് വരുന്നത് തൂക്ക് സഭയാണെങ്കിൽ ആരെ പിന്തുണയ്ക്കണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും പറയുന്നു.  ഭരിക്കാൻ വേണ്ട പിന്തുണ നൽകുമെങ്കിലും മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും സാബു ജേക്കബ് പറയുന്നു.