Asianet News MalayalamAsianet News Malayalam

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റിൽ കോണ്‍ഗ്രസ്, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ

കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81 എണ്ണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായെന്ന് നേതാക്കൾ. പത്ത് സീറ്റുകളിൽ തീരുമാനം ഉടൻ. 

UDF Seat Sharing completed
Author
Delhi, First Published Mar 12, 2021, 8:06 PM IST

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക.

കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമം അടക്കം പത്ത് സീറ്റുകളിൽ അന്തിമതീരുമാനം ആയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ദില്ലിയിൽ നിന്നുണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച സാഹചര്യത്തിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇന്ന് തന്നെ ദില്ലിയ്ക്ക് മടങ്ങും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ദില്ലിയിൽ നിന്നും മടങ്ങുക. 

യുഡിഎഫിലെ ബാക്കി സീറ്റുകളിൽ 27 സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും കേരള കോണ്‍ഗ്രസ് ജോസഫ് പത്ത് സീറ്റിലും ആര്‍എസ്പി അഞ്ച് സീറ്റിലും കേരള എൻസിപി എലത്തൂരിലും പാലായിലും മത്സരിക്കും. ജനതാദൾ മലമ്പുഴ സീറ്റിലും സിഎംപി നെന്മാറയിലും കേരള കോണ്‍ഗ്രസ് ജേക്കബ് പിറവത്തും മത്സരിക്കും. അതേസമയം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും എന്നാണ് സൂചന. തീരുമാനമായ 81 സീറ്റുകളുടെ പട്ടികയിൽ നേമവും ഉൾപ്പെട്ടുവെന്നാണ് വിവരം. 

വടകര സീറ്റിൽ ആര്‍എംപിയുടെ കെ.കെ.രമ മത്സരിച്ചാൽ അവരെ യുഡിഎഫ് പിന്തുണയ്ക്കും. എംപിമാര്‍ ആരും തന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഒരു മണിക്കൂറോളം നീണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് നേതാക്കൾ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും ഭൂരിപക്ഷം സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്നും വ്യക്തമാക്കിയത്. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിൽ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ അധ്യക്ഷൻ ദേവരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

എംപിമാരുടേയും കേരളത്തിലെ നേതാക്കൻമാരുടേയും താഴെത്തട്ടിൽ പ്രവര്‍ത്തിക്കുന്ന മുഴുവൻ അണികളുടേയും പിന്തുണയോടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്ന് നേതാക്കൻമാര്‍ അവകാശപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് ഇടയിൽ യാതൊരു ഭിന്നതയുമില്ലെന്നും ഒറ്റക്കെട്ടായിട്ടാണ് കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

തർക്ക മണ്ഡലങ്ങൾ ഇവയെന്ന് സൂചന

  • വട്ടിയൂർക്കാവ്
  • നേമം
  • കഴക്കൂട്ടം
  • വർക്കല
  • നെടുമങ്ങാട്
  • കായംകുളം
  • കൽപറ്റ 
  • നിലമ്പൂർ
  • പട്ടാമ്പി
  • പീരുമേട്
Follow Us:
Download App:
  • android
  • ios