Asianet News MalayalamAsianet News Malayalam

'മുല്ലപ്പള്ളിയുടെ പരിചയക്കുറവ് കോൺഗ്രസിന് ദോഷം'; ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം അനിവാര്യമെന്ന് വയലാര്‍ രവി

കോൺഗ്രസിലെ ഏറ്റവും ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പിനെ നേരിടുന്നത് പാർട്ടിക്ക് നേട്ടമാകുമെന്നും വയലാർ രവി. 

vayalar ravi against mullappally ramachandran
Author
Thiruvananthapuram, First Published Mar 5, 2021, 8:02 AM IST

കൊച്ചി: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ  മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മുല്ലപ്പള്ളിയുടേത് ദില്ലിയിൽ നിന്നുള്ള നിയമനമാണ്. മുല്ലപ്പള്ളി രാമചന്ദ്രന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള പരിചയക്കുറവ് പാർട്ടിക്ക് ദോഷം ചെയ്യുന്നുണ്ടെന്ന് വയലാർ രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിലെ ഏറ്റവും ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പിനെ നേരിടുന്നത് പാർട്ടിക്ക് നേട്ടമാകും. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകണമെങ്കിലും ചിലരെ ഒഴിവാക്കുന്നത് ദോഷം ചെയ്യുമെന്നും വയലാർ രവി കൂട്ടിച്ചേര്‍ത്തു.

കെ സുധാകരൻ ആയിരുന്നു കൂടുതൽ നല്ല  കെപിസിസി അധ്യക്ഷനെന്നും വയലാർ രവി ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ ജനപ്രിയ നേതാവായ ഉമ്മൻചാണ്ടി‍യുടെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണ്. കേരളത്തിലെ ആളുകളെയും സംസ്ഥാനത്തെയും നന്നായി അറിയാവുന്ന ആളാണ് ഉമ്മൻചാണ്ടി‍. അദ്ദേഹത്തെ കുറിച്ച് ആളുകൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ വിശ്വാസവും ഇഷ്ടവുമാണ്. അദ്ദേഹം പിന്നോട്ട് പോകുന്നത് പാർട്ടിക്ക് ഗുണകരമല്ല. ഉമ്മൻചാണ്ടിയെ കൂടെ നിർത്തിയില്ലെങ്കിൽ കുഴപ്പമാകും. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി നയിച്ചാൽ മാത്രമേ കോൺഗ്രസിനും യുഡിഎഫിനും തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകൂവെന്നും വയലാർ രവി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios