Asianet News MalayalamAsianet News Malayalam

മേഴ്സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്, എൻഎസ്എസ് ഇടതുപക്ഷ നെഞ്ചിൽ കുത്തി: വെള്ളാപ്പള്ളി

വിവാദങ്ങളുടെ ചുഴിയിൽ പെട്ട് സർക്കാർ തവിടുപൊടി ആകുമെന്നെല്ലാവരും പ്രതീക്ഷിച്ചെങ്കിലും ജനം കൈവിട്ടില്ല. പുതുമുഖ സ്ഥാനാർത്ഥികളായതിനാൽ  തിരിച്ചടി ഉണ്ടാകുമെന്നാണ് പലരും കരുതിയത്

vellappally natesan response after election result kerala
Author
Alappuzha, First Published May 3, 2021, 11:47 AM IST

ആലപ്പുഴ: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും കെടി ജലീലിനുമൊപ്പം എൻഎസ്എസിനെയും കോൺഗ്രസിനെയും വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. മേഴ്സിക്കുട്ടി അമ്മയ്ക്കും ജലീലും ഷോക്ക് ട്രീറ്റ്മെന്റ്  കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അപ്രതീക്ഷിത വിജയമുണ്ടാക്കി. വിവാദങ്ങളുടെ ചുഴിയിൽ പെട്ട് സർക്കാർ തവിടുപൊടി ആകുമെന്നെല്ലാവരും പ്രതീക്ഷിച്ചെങ്കിലും ജനം കൈവിട്ടില്ല. പുതുമുഖ സ്ഥാനാർത്ഥികളായതിനാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാൽ മാറ്റം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വടി കുത്തി നടക്കുമ്പോഴും അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന നേതാക്കന്മാർക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഇടത് പക്ഷത്തിന്റെ വിജയമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും ജലീലിനെയും വിമർശിച്ച വെള്ളാപ്പള്ളി മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹതപ്പെട്ടതാണെന്നും പറഞ്ഞു. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവം. എസ്എൻഡിപിയെയും എസ്എൻ ട്രിസ്റിനെയും തള്ളിപ്പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക്  നല്ലതാണ്. മന്ത്രി കെടി ജലീന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിൻറെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

കോൺഗ്രസിനെ രൂക്ഷഭാഷയിൽ വിമർശിച്ച വെള്ളാപ്പള്ളി കോൺഗ്രസിന്റെ അധപതനത്തിൽ വിഷമമുണ്ടെന്നും പറഞ്ഞു. ആലപ്പുഴ ജില്ലാ നേതൃത്വം ഉള്ളപ്പെടെ തന്നെ വേദനിപ്പിച്ചവരാണ്. ഒരു കോൺഗ്രസ് സ്ഥാനാർഥിയെ പോലും വീട്ടിൽ കയറ്റില്ല. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്നമാണ്. സമുദായത്തിൻറെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർഥി നിർണയം. കരഞ്ഞ് ജയിച്ച ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്. 

പിണറായിയെ സവർണ്ണ നേതൃത്വം ആക്രമിച്ചു. എൻഎസ്എസിന് സാമുദായിക സമവരണമടക്കം ഇടത് പക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങൾ കൊടുത്തു. എന്നിട്ടും എൻഎസ് എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തി. മന്നം സമാധി അവധിദിനമായി പ്രഖ്യാപിക്കാത്തത് അവരുടെ എതിർപ്പ്. മതനേതാക്കൾ പറഞ്ഞത് അനുയായികൾ കേട്ടില്ലെന്നതാണ് ചങ്ങനാശ്ശേരിയും മലപ്പുറവും കാണിക്കുന്നത്. ഇടതു പക്ഷത്ത് നിന്നാണ് കൂടുതൽ പിന്നോക്കക്കാർ ജയിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios