ചെന്നൈ: വിജയ് നടത്തിയ സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശം നൽകാനെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖ‍ര്‍. ചെന്നൈയിലെ വസതിയിൽ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങളുടെ പ്രശ്നം തുറന്നുകാട്ടാനായിരുന്നു വിജയ് സൈക്കിള്‍ യാത്ര നടത്തിയത്. സാധാരണകാര്‍ക്ക് വേണ്ടിയാണ് വിജയ് സൈക്കിളിലേറിയത്. എപ്പോള്‍ വേണമെങ്കിലും വിജയ് രാഷ്ട്രീയത്തിലിറങ്ങും. ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ വിജയിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടാകുമെന്നും എസ്.എ.ചന്ദ്രശേഖ‍ര്‍ പറഞ്ഞു. എംജിആറിനോട് വിജയിയെ താരതമ്യം ചെയ്യുന്നതില്‍  സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ സന്ദേശം നൽകാനായിരുന്നില്ല സൈക്കിൾയാത്ര എന്ന വാദങ്ങൾക്കിടെയാണ് വിജയിയുടെ അച്ഛന്റെ പ്രതികരണം. മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിൽ ചെന്നൈയിൽ വസതിയിൽ നിന്നും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാൻ വന്ന സംഭവം വലിയ ച‍ര്‍ച്ചകൾക്ക് വഴി തുറന്നിരുന്നു. വിജയ് സൈക്കിളിൽ സഞ്ചരിച്ചതിന് അസാധാരണമായി ഒന്നുമില്ലെന്നും വീടിന് അടുത്തുള്ള സ്കൂളായതിനാൽ മാത്രമാണ് അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചതെന്നുമാണ് നടൻ്റെ പിആ‍ര്‍ ടീം വ്യക്തമാക്കുന്നത്.