Asianet News MalayalamAsianet News Malayalam

വമ്പൻ തോൽവിയിൽ ഞെട്ടി സംസ്ഥാന ബിജെപി; വോട്ടിംഗ് ശതമാനത്തിലും വൻ ഇടിവ്

കയ്യിലുള്ള നേമം കൂടി പോയതോടെ പറഞ്ഞു നിൽക്കാൻ പോലും പറ്റാത്തത്ര പ്രതിരോധത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. സീറ്റെണ്ണം ചോദിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിനെ വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ച്  പിടിച്ച് നിന്നിരുന്ന നേതാക്കൾക്ക് ഇത്തവണ അതിനും കഴിയാത്ത അവസ്ഥയാണ്

voting share  bjp kerala leadership in crisis
Author
Thiruvananthapuram, First Published May 3, 2021, 12:53 PM IST

തിരുവനന്തപുരം: കാത്തിരുന്ന് കാത്തിരുന്ന് കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ടും പൂട്ടിയതോടെ കേരളത്തിൽ സംപൂജ്യരായി മാറിയ ബിജെപിക്ക് വോട്ടിംഗ് ശതമാനക്കണക്കിലും വൻ തിരിച്ചടി. 35 സീറ്റ് നേടിയാൽ കേരളത്തിൽ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ കിണഞ്ഞ് ശ്രമിച്ച തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വരുമ്പോൾ 2016 ൽ കിട്ടിയ വോട്ട് കണക്കിൽ നാല് ശതമാനത്തിന്‍റെ ഇടിവാണ് ബിജെപിക്ക് ഉള്ളത്. പ്രതീക്ഷിച്ച ഒരിടത്തും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല പയറ്റിയ തന്ത്രങ്ങളത്രയും കേരളം തള്ളിക്കളയുകയും ചെയ്തു. 

ഏത് കണക്കിൽ നോക്കിയാലും വൻ ആഘാതമാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. കയ്യിലുള്ള നേമം കൂടി പോയതോടെ പറഞ്ഞു നിൽക്കാൻ പോലും പറ്റാത്തത്ര പ്രതിരോധത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. സീറ്റെണ്ണം ചോദിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിനെ വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ച് ശീലിക്കുകയും അങ്ങനെ പിടിച്ച് നിൽക്കുകയും ചെയ്തിരുന്ന നേതാക്കൾക്ക് ഇത്തവണ അതിനും കഴിയാത്ത അവസ്ഥയായെന്ന് ചുരുക്കം . 

കേരളത്തിൽ ഇത്തവണ വൻ നേട്ടം ഉണ്ടാക്കമെന്ന കണക്കു കൂട്ടിലിലായിരുന്നു ബിജെപി ദേശീയ നേതാക്കളും . പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും അടക്കം ദേശീയ നേതാക്കളുടെ നിര തന്നെ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പറന്നിറങ്ങി. നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങൾ നിരത്തി വോട്ട് തേടി. എന്നിട്ടും ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം. 2016 ഇൽ ഇത് 15.01 ശതമാനം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് 15.53 ശതമാനം. ഇക്കഴിഞ്ഞ തദ്ദേശപ്പോരിൽ 15.56. അതായത് ആളും അര്‍ത്ഥവും ആവശ്യത്തിലധികം ഇറങ്ങിയിട്ടും സമീപകാലത്തെ എല്ലാ തെരഞ്ഞെടുപ്പിനേക്കാളും കുറഞ്ഞുവോട്ടുകൾ. 

രണ്ടാം കക്ഷിയായ ബിഡിജഎസിനും മത്സരിച്ച എല്ലായിടത്തും വോട്ട് ഇടിഞ്ഞു. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിനെക്കാൾ 6975 വോട്ടുകൾ കുറഞ്ഞാണ് കെ.സുരേന്ദ്രൻ ദയനീയമായി മൂന്നാമതെത്തിയത്. സംപൂജ്യരായതിനൊപ്പം വോട്ട് ശതമാനത്തിലെ കുറവും എങ്ങിനെ ദേശീയ നേതൃത്വത്തോട് വിശദീകരിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. പാർട്ടിയിൽ അഴിച്ചുപണിക്കുള്ള ആവശ്യം മുറുകുന്നുണ്ട്. ദേശീയനേതൃത്വത്തിൻറെ അടിയന്തിര ഇടപടെൽ ആവശ്യപ്പെട്ടു പിപി മുകുന്ദൻ രംഗത്തെത്തി. 

കഴക്കൂട്ടത്ത് പാർട്ടി വേണ്ടത്ര സഹായിച്ചില്ലെന്ന പരാതി ശോഭാ സുരേന്ദ്രനുണ്ട്. പക്ഷെ പാർട്ടിയോഗങ്ങൾ തീരാതെ ആരും പരസ്യപ്രതികരണത്തിന് തയ്യാറല്ല. നാളെയോ മറ്റന്നാളോ കോർ കമ്മിറ്റി ചേരും. ബിജെപി പ്രതീക്ഷവെച്ച മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള എതിർസ്ഥാനാർത്ഥികൾക്കായി ന്യൂനപക്ഷവോട്ട് ഏകീകരണമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഒപ്പം കഴിഞ്ഞ തവണ ബിഡിജെഎസ് വഴി കിട്ടിയ ഈഴവവോട്ടുകൾ ഇടതിലേക്ക് തിരിച്ചുപോയതും ആഘാതമായി.വമ്പൻ തോൽവിയിൽ സുരേന്ദ്രനുള്ള ഏക ആശ്വാസം പാർട്ടിയിൽ കരുനീക്കം നടത്തേണ്ട കൃഷ്ണദാസും ശോഭയുമെല്ലാം കൂട്ടത്തോടെ തോറ്റുഎന്നത് മാത്രം.

Follow Us:
Download App:
  • android
  • ios