തെഞ്ഞെടുപ്പിൽ ജയിക്കാനല്ല മത്സരിക്കുന്നത്. തനിക്ക് നീതി നിഷേധം ഉണ്ടായതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് ധർമ്മടത്ത് നാമ നിർദ്ദേശപത്രിക സമർപ്പിക്കും. തെഞ്ഞെടുപ്പിൽ ജയിക്കാനല്ല മത്സരിക്കുന്നതെന്നും തനിക്ക് നീതി നിഷേധം ഉണ്ടായതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് നേരിട്ട അനീതിയും പ്രയാസവും ധർമ്മടത്ത് ജനങ്ങളോട് പറയുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. 

സിബിഐക്ക് കേസ് കൈമാറിയത് സമരത്തിന്‍റെ ഫലമാണ്. മക്കളുടെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ തെറ്റുകാരാണെന്ന് കോടതിയും സര്‍ക്കാരും സമ്മതിക്കുന്നു. എന്നിട്ടും എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. ഈ നീതി നിഷേധം എന്തിനാണെന്ന് ചോദിക്കാനുള്ള ഒരു അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതില്‍ സമര സമിതി തീരുമാനമെടുക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.