തിരുവനന്തപുരം: ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പ്രീ പോൾ സർവ്വേയിൽ പങ്കെടുത്തവർക്ക് പറയാനുണ്ടായിരുന്നത് പിണറായി വിജയൻ മുതൽ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവരുടെ പേരുകൾ.  സുപ്രധാന ചോദ്യത്തിന് 39 ശതമാനം വോട്ടുമായി പിണറായി വിജയൻ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടുപിന്നാലെ 18 ശതമാനം വോട്ടുമായി ഉമ്മൻ ചാണ്ടി പട്ടികയിൽ ഇടം പിടിച്ചു.

മൂന്നാം സ്ഥാനത്തുള്ളത് ശശി തരൂർ ആണ്. തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം പേരാണ്. ഏഴ് ശതമാനം വോട്ടുമായി കെ കെ ശൈലജ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ​6 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ സുരേന്ദ്രനും 6 ശതമാനം പേരുടെ പിന്തുണ നേടി അഞ്ചാം സ്ഥാനത്തെത്തി. 

മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിയാകണമെന്ന് 4 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞത് 2 ശതമാനം പേരാണ്. ഇവരൊന്നുമല്ല മുഖ്യമന്ത്രി ആകേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം ആളുകളാണ്. പട്ടികയിൽ എൽഡിഎഫിൽ നിന്നുള്ള രണ്ട് പേർ മാത്രമാണ് ഇടം പിടിച്ചത് എന്നത് ശ്രദ്ധേയമാണ്. പിണറായി വിജയൻ, കെ കെ ശൈലജ എന്നിവർക്ക് ആകെ 46 ശതമാനം പിന്തുണയാണ് സർവ്വേയിൽ ലഭിച്ചത്.