ലക്നൗ: എല്ലാ വേദികളിലും മോദിക്കെതിരെ തൊടുക്കുന്ന മുദ്രാവാക്യം തന്നെ ആയിരുന്നു ലക്നൗവിലെ തെരഞ്ഞെടുപ്പ് റാലിയിലും കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലോ പോർമുന.
'കാവൽക്കാരൻ കള്ളനാണ്'
പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ലക്നൗവിൽ ഇരുവരും ഒന്നിച്ച് നടത്തിയ റോഡ് ഷോയ്ക്ക് ശേഷമുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുൽ പതിവ് മുദ്രാവാക്യം ആവർത്തിച്ചത്.

രാജ്യത്തിന്‍റെ കാവൽക്കാരൻ ഉത്തർപ്രദേശിന്‍റെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെയും സമ്പത്ത് കട്ടുകൊണ്ടുപോകുകയാണ്. ഉത്തർപ്രദേശ് രാജ്യത്തിന്‍റെ ഹൃദയമാണ്. ഇവിടെ നമ്മൾ ആക്രമിച്ചുതന്നെ കളിക്കും. 'കോൺഗ്രസിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ അധികാരത്തിലെത്തുംവരെ സിന്ധ്യയും പ്രിയങ്കയും ഞാനും വെറുതേയിരിക്കില്ല.', രാഹുൽ ഗാന്ധി പറഞ്ഞു.

കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ഉത്തർപ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ഇരുപത് കിലോമീറ്ററോളം ദൂരം റോഡ്ഷോയിൽ പങ്കെടുത്തു. വിമാനത്താവളത്തിൽ നിന്ന് തുടങ്ങിയ റോഡ്ഷോ അവസാനിച്ചത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് സമീപമായിരുന്നു. 

പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റോഡ്ഷോയിൽ പങ്കെടുത്തു. സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പ്രിയങ്ക അടുത്ത മൂന്ന് ദിവസം ഉത്തർ പ്രദേശിൽ തുടരുമെന്നാണ് വിവരം.