ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പുതിയ ക്യാംപെയിനുമായി ആം ആദ്‍മി പാര്‍ട്ടി. 'വീട്ടുപടിക്കല്‍ നിങ്ങളുടെ എം എല്‍ എ യും കൗണ്‍സിലറും' എന്നാണ് ക്യാംപെയിന്‍റെ പേര്. ഫെബ്രുവരി 15 മുതല്‍ ക്യാംപെയ്ന്‍  ആരംഭിക്കും. മോദി ഗവണ്‍മെന്‍റിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ക്യാംപെയിനിലൂടെ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് എ എ പി ദില്ലി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു.

 ക്യാംപെയ്ന് മുന്നോടിയായി കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഏകാധിപത്യഭരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ റാലി ജന്ദര്‍ മന്ദിറില്‍ ഫെബ്രുവരി 13 ന് നടക്കും. കഴിഞ്ഞമാസം ബംഗാളില് മമതാ ബാനര്‍ജി നടത്തിയ റാലിയില്‍ പങ്കെടുത്ത എല്ലാ  പാര്‍ട്ടികള്‍ക്കും ഫെബ്രുവരി 13 ന് നടക്കുന്ന മെഗാ റാലിക്ക് ക്ഷണമുണ്ടെന്നും ഗോപാല്‍ റായ് പറഞ്ഞു. കോണ്‍ഗ്രസിനോട് പ്രത്യേകമായി ഫെബ്രുവരി 13 ന് നടക്കുന്ന റാലിയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു.