തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി അംഗീകരിച്ച് നിയമിച്ച കമ്മറ്റികള്‍ക്കെതിരെ വ്യാപക പരാതി. കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയായി എ കെ ആൻറണിയുടെ മകനെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തുവന്നവരേയും അര്‍ഹതയുള്ളവരേയും ഒഴിവാക്കിയെന്നാണ് പരാതി. സമുദായ സംഘടനയുടെ നോമിനിയെ വരെ വച്ചാണ് കമ്മറ്റികള്‍ രൂപീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്  . 

പ്രദേശ് തിരഞ്ഞെടുപ്പ് കമ്മറ്റി, ഏകോപന, പ്രചരണ കമ്മറ്റികൾ എന്നിങ്ങനെ മൂന്ന് കമ്മറ്റികൾകൾക്കാണ് കഴിഞ്ഞ ദിവസം എഐസിസി അംഗീകാരം നല്‍കിയത് .അർഹതയുള്ള പലരേയും തഴഞ്ഞാണ് കമ്മിറ്റികൾ രൂപീകരിച്ചതെന്നാണ് പ്രധാന പരാതി . കെ പി സി സി എക്സിക്യുട്ടീവ് അംഗം അരുണ്‍ രാജ്, തിരുവനന്തപുരം ജില്ലാ കമ്മറ്റി ഉപാധ്യക്ഷൻ കൂടിയായ ജലീൽ എന്നിവരെ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട് . കെ പി സി സിയില്‍ നിന്നയച്ച പട്ടികയില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിരുന്നു എങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു എന്നാണ് ആരോപണം .

കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയായി എ കെ ആൻറണിയുടെ മകൻ അനില്‍ ആൻറണിയെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തുവന്ന ആളാണ് അരുണ്‍ രാജ് . ഇതാകാം അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ മൂന്ന് കമ്മറ്റികളില്‍ ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അരുണ്‍രാജിനെ ഒഴിവാക്കിയപ്പോള്‍ ആറുമാസം മാത്രം ഭാരവാഹിയായിരുന്ന ആളെ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മുമായി വേദി പങ്കിട്ടശേഷം കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ആളെ വരെ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. പട്ടികയില്‍ എ ഗ്രൂപ്പിനാണ് പ്രാതിനിധ്യം കൂടുതലെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട് . ഒഴിവാക്കപ്പെട്ടവര്‍ സംസ്ഥാന കേന്ദ്ര നേതാക്കളെ പ്രതിഷേധം അറിയിച്ചിട്ടുണ്ട് .