ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ 8ന് ആണ് വോട്ടെണ്ണൽ
ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു.
ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാതൃക പെരുമാറ്റചട്ടം ദീർഘനാൾ ബാധകമാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് കമ്മീഷൻ വിശദീകരിച്ചു. ഗുജറാത്തിൽ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബർ 12ന് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണൽ ഒരു മാസത്തിന് ശേഷമാണ് എന്നതാണ് ഈ സൂചന സജീവമാക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ ഒരുമിച്ചാകും നടത്തുക. അതേസമയം കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 55,07,261 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
'വോട്ടിംഗ് ശതമാനം ഉയർത്തും, വോട്ടർ ഹെൽപ് ലൈൻ ആപ്പിൽ പരാതി നൽകിയാൽ ഒരു മണിക്കൂറിനകം നടപടി'
ഹിമാചല്‍ പ്രദേശിൽ 68 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2017ലെ കക്ഷിനില ഇങ്ങനെ
നിയമസഭ സീറ്റുകൾ 68
ബിജെപി - 44
കോൺഗ്രസ് - 21
സിപിഎം -1
വോട്ട് ശതമാനം (2017)
ബിജെപി - 48.79
കോൺഗ്രസ് - 41.68
ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് 6 തവണ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മൂന്ന് തവണ ഭരണം ബിജെപിക്ക് ആയിരുന്നു.
ഗുജറാത്തിൽ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ്?
ഗുജറാത്ത് വോട്ടെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിയത് രാഷ്ട്രീയ തർക്കങ്ങൾക്ക് ഇടയാക്കാനാണ് സാധ്യത. പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിനും സമയം നീട്ടി കിട്ടുകയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പതിനൊന്ന് സംസ്ഥാനങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകേണ്ടത്. രണ്ടായിരത്തി ഇരുപത്തിനാലിനായുള്ള അന്തരീക്ഷം ഒരുക്കുന്ന വോട്ടെടുപ്പുകളുടെ തുടക്കത്തിനാകും ഹിമാചൽ പ്രദേശ് സാക്ഷ്യം വഹിക്കുക.
