Akhilesh Yadav Tweet:  തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടര മടങ്ങ് വർധിപ്പിച്ചതിനും വോട്ട് വിഹിതം ഒന്നര മടങ്ങ് വർധിപ്പിച്ചതിനും തങ്ങൾ ജനങ്ങളോട് നന്ദിയുളളവരാണ്

ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് (UP Election 2022) ഫലം വന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav). തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടര മടങ്ങ് വർധിപ്പിച്ചതിനും വോട്ട് വിഹിതം ഒന്നര മടങ്ങ് വർധിപ്പിച്ചതിനും തങ്ങൾ ജനങ്ങളോട് നന്ദിയുളളവരാണെന്നും അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.

'ബിജെപി (BJP) സീറ്റുകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു. അവരുടെ സീറ്റുകളുടെ എണ്ണം കുറക്കുന്നത് ഞങ്ങൾ തുടരും.സമാജ്‌വാദി പാർട്ടിയെ പിന്തുണച്ചതിന് ജനങ്ങളോട് നന്ദി പറയുകയാണ്. പകുതിയില്‍ അധികം മിഥ്യധാരണകളും സംശയങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു, ബാക്കിയും നീങ്ങും . ജനങ്ങൾക്ക് വേണ്ടിയുളള പോരാട്ടം തുടരും.' എന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

രണ്ടാമത്തെ ട്വീറ്റില്‍ എസ്.പി സഖ്യത്തില്‍ നിന്നും വിജയിച്ച എല്ലാ എംഎല്‍എമാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് അഖിലേഷ് പറയുന്നു. ജനങ്ങളെ സഹായിക്കാനും, അവരെ സേവിക്കാനുമുള്ള ഉത്തരവാദിത്വം നൂറുശതമാനം പാലിക്കാന്‍ സാധിക്കണം. ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, ടീച്ചര്‍മാര്‍, സ്ത്രീകള്‍, പെന്‍ഷന്‍ ജനത, തൊഴിലാളികള്‍, കര്‍ഷകര്‍ എല്ലാവര്‍ക്കും നന്ദി - അഖിലേഷ് ട്വീറ്റ് ചെയ്യുന്നു. 

Scroll to load tweet…

ഇന്നലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകള്‍ വന്നപ്പോള്‍ പരീക്ഷയുടെ ഫലം ഇതുവരെ അന്തിമം ആയില്ലെന്നും. പ്രചാരണ സമയത്ത് രാവും പകലും ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി അറിയിക്കുന്നു എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു. 

Scroll to load tweet…

യുപിയില്‍ തുടര്‍ഭരണം 37 വര്‍ഷത്തിന് ശേഷം,മോദിയുടെ പിൻഗാമിയാകുമോ യോഗി? 

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്‍റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.

രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിൻ്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.