ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബ‍ര്‍ 12നാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബ‍ര്‍ എട്ടിന് വോട്ടെണ്ണൽ നടക്കും. ഹിമാചലിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ദില്ലി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബ‍ര്‍ 12നാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബ‍ര്‍ എട്ടിന് വോട്ടെണ്ണൽ നടക്കും. ഹിമാചലിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇത്തവണ ഭരണം നിലനിർത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്നാണ് ബിജെപി തന്നെ വിലയിരുരുത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ തന്നെ നേരത്തെ കളത്തിലറിക്കി ബിജെപി പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്. അതേസമയം ഉപതെര‍ഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 

തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മാറി മാറി അധികാരത്തിൽ വരുന്ന ചരിത്രമാണ് രണ്ടു പതിറ്റാണ്ടായി ഹിമാചല്‍ പ്രദേശിനുള്ളത്. ഇതുവരെ ആറ് തവണ കോൺഗ്രസ് അധികാരത്തിലെത്തി. മൂന്ന് തവണ ബിജെപിയും. 2017ല്‍ ബിജെപിയുടെ സംസ്ഥാനത്തെ മുഖമായിരുന്ന പ്രേം കുമാർ ധൂമാല്‍ ഫോൺ ചോർത്തല്‍ വിവാദത്തില്‍പെട്ട് മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 

അന്നുമുതല്‍ പ്രേം കുമാർ ധൂമാലിന്‍റെ നേതൃത്ത്വത്തില്‍ പാർട്ടിയില്‍ ഒരു വിഭാഗം ജയറാം താക്കൂറിനെതിരെ നീങ്ങുകയാണ്. 2021 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മണ്ടി ലോകസഭാ മണ്ഡലത്തിലും കോൺഗ്രസ് വിജയിച്ചു. ഇതോടെ ഭരണ വിരുദ്ധ വികാരം നേരിടുന്നതിനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങി. ഇത്തവണയും ജയറാം താക്കൂറിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തീരുമാനം. 

Read more: ഹിമാചലിൽ നവംബർ 12ന് തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി രണ്ടു മാസം മുമ്പേ പ്രചാരണം തുടങ്ങി. ഞായറാഴ്ച ധർമശാലയില്‍ റാലിയും നടത്തുന്നുണ്ട്. അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ഇന്ന് കോൺഗ്രസ് പ്രചാരണം തുടങ്ങി. ക്ഷേത്ര ദർശനത്തിനു ശേഷം സോളൻ ജില്ലയില്‍ പരിവർത്തന്‍ പ്രതിജ്ഞാ മഹാറാലിയിൽ പ്രിയങ്ക പങ്കെടുത്തു. ഗുജറാത്തിലെ പോലെ ഹിമാചലിലും ചില മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം കോൺഗ്രസിന് വെല്ലുവിളിയാകാനാണ് സാധ്യത. 

YouTube video player

 ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാതൃക പെരുമാറ്റചട്ടം ദീർഘനാൾ ബാധകമാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് കമ്മീഷൻ വിശദീകരിച്ചു.