കുമ്മനമുണ്ടെങ്കിൽ ജയം ഉറപ്പ്; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Feb 2019, 6:48 AM IST
BJP District Committee wanted Kummanam Rajasekharan to be loksabha candidate
Highlights

തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. ജയം ഉറപ്പാണെന്നാണ് നേതാക്കള്‍. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി രാംലാൽ ഇന്ന് തലസ്ഥാനത്ത്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി വി രാംലാൽ ഇന്ന് തലസ്ഥാനത്തെത്തും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബി ജെ പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മോഹൻലാൽ, സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം പല പേരുകൾ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്‍റെ മടക്കമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്‍റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കുമ്മനം വന്നാൽ അനന്തപുരി പിടിക്കാമെന്ന് ജില്ലാ നേതൃത്വം അറിയിച്ചത്. 

ശബരിമല വിവാദം ശക്തമായി നിലനിൽക്കുന്നതും, പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ. എന്നാല്‍, മിസോറാം ഗവർണ്ണറായ കുമ്മനത്തിന്‍റെ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആർ എസ് എസ്സുമാണ്.  സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവർണ്ണറാക്കിയത്. ആർ എസ് എസ്സും കുമ്മനത്തിന്‍റെ മടക്കം ആഗ്രഹിക്കുന്നുണ്ട്. 

ആറ്റിങ്ങലിലേക്ക് പാര്‍ട്ടി ജില്ലാ നേതൃത്വം മുന്നോട്ട് വെക്കുന്നത് ശോഭാ സുരേന്ദ്രന്‍റെയും കെ സുരേന്ദ്രന്‍റെയും പേരുകളാണ്. അതിനിടെ തലസ്ഥാനത്തെത്തുന്ന വി രാംലാൽ ഇന്നത്തെ കോർകമ്മിറ്റിയിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ ശക്തികേന്ദ്ര ഇൻചാർജ്ജുമാരുടേയും യോഗത്തിലും പങ്കെടുക്കും.

loader