ഒരു കുടുംബത്തിലെ മൊത്തം വോട്ടുകളും താമരക്ക് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഗൃഹസമ്പർക്കമാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ ബുത്തുകളിലേയും എല്ലാ വീടുകളിൽ പാർട്ടി സ്ക്വാഡുകളെ എത്തിക്കുകയാണ് പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത്.
കോഴിക്കോട്: 'എന്റെ കുടുംബം ബിജെപി കുടുംബം' എന്ന വേറിട്ട പ്രചാരണ പരിപാടിക്ക് രാജ്യത്താകെ തുടക്കമിട്ട് ബിജെപി. അഹമ്മദാബാദിലെ വീട്ടിൽ അമിത്ഷായും കോഴിക്കോട്ടെ വീട്ടിൽ പി എസ് ശ്രീധരൻപിള്ളയും പാർട്ടി പതാക ഉയർത്തി, സ്റ്റിക്കറൊട്ടിച്ചു. രാജ്യത്താകെ അഞ്ച് കോടി വീടുകളിൽ പാർട്ടി പതാക ഉയർത്തിയും പാർട്ടി സ്റ്റിക്കർ പതിപ്പിച്ചുമാണ് പ്രചാരണം.
ഒരു മാസത്തേക്കാണ് എന്റെ കുടുംബം, ബിജെപി കുടുംബം മെഗാ പ്രചാരണ പരിപാടി. ഒരു കുടുംബത്തിലെ മൊത്തം വോട്ടുകളും താമരക്ക് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഗൃഹസമ്പർക്കമാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ ബുത്തുകളിലേയും എല്ലാ വീടുകളിൽ പാർട്ടി സ്ക്വാഡുകളെ എത്തിക്കുകയാണ് പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത്.കേന്ദ്ര സർക്കാറിന്റെ ഭരണ നേട്ടങ്ങൾ അടങ്ങിയ ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും. വീട്ടുകാർ സമ്മതിച്ചാൽ മാത്രമാണ് പതാക ഉയർത്തി സ്റ്റിക്കറൊട്ടിക്കുക.
ഇതിനായി ആരെയും നിർബന്ധിക്കില്ലെന്ന് നേതാക്കള്‍ വിശദമാക്കുന്നു. കൂറ്റൻറാലികൾക്കൊപ്പം നേരത്തെ തന്നെ വീടുകളും കേന്ദ്രീകരിക്കുകയാണ് ബിജെപി. പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാനുള്ള ദർശൻ രഥയാത്രക്ക് പിന്നാലെയാണ് എന്റെ കുടുംബം ബിജെപി കുടുംബം പരിപാടി. അതിനിടെ വീട്ട് മുറ്റത്തെ ഇഷ്ടിക മാറ്റാതെ ചെടിച്ചെട്ടിയിൽ പതാക ഉയർത്തിയ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും നിറയുന്നുണ്ട്.
