സാധാരണ ചുവരുകള്‍ ഉറപ്പിച്ച് വെക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒരു പടി കൂടി കടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നെഴുതിയതിനൊപ്പം താമരചിഹ്നം കൂടി വരച്ചു വെച്ചു കഴിഞ്ഞു
ആലപ്പുഴ: ആലപ്പുഴ മണ്ഡലം ബിജെപിക്കോ ബിഡിജെഎസ്സിനോ എന്നുറപ്പിക്കും മുമ്പ് തന്നെ ബിജെപി പ്രവര്‍ത്തകര്‍ ചുവരുകളില്‍ താമരചിഹ്നം വരച്ചു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള അവസരം ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് കിട്ടിയിട്ടില്ല.
എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകുന്നതേയുള്ളൂ. ബിജെപിയും ബിഡിജെഎസ്സും മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ ഏതാണെന്ന് അന്തിമ തീരുമാനമാകും മുമ്പ് തന്നെ ആലപ്പുഴ നഗരത്തിലെ ചുവരുകള്‍ ബിജെപി സ്വന്തമാക്കി. സാധാരണ ചുവരുകള്‍ ഉറപ്പിച്ച് വെക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒരു പടി കൂടി കടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നെഴുതിയതിനൊപ്പം താമരചിഹ്നം കൂടി വരച്ചു വെച്ചു കഴിഞ്ഞു. പക്ഷേ സീറ്റ് ആര്‍ക്കാണെന്ന് ഉറപ്പിച്ചില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് പറയുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുകയാണെങ്കില്‍ ആലപ്പുഴയടക്കം കൂടുതല്‍ വോട്ടുകിട്ടാന്‍ സാധ്യതയുള്ള മണ്ഡലം കൊടുക്കാന്‍ എന്‍ഡിഎ നേതൃത്വം തയ്യാറാണ്. അതിനിടയിലാണ് ബിജെപി ആലപ്പുഴയ്ക്ക് സ്വന്തമാണെന്ന രീതിയില്‍ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുന്നത്. ആലപ്പുഴ നഗരത്തിലേത് പോലെ ലോക് സഭാ മണ്ഡലത്തിന്‍റെ മറ്റുഭാഗങ്ങളിലും താമരചിഹ്നത്തോട് കൂടിയുളള ചുവരുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.
