വയനാട് സീറ്റിനായി കോൺഗ്രസിൽ അവകാശവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിന്‍റെ നിലപാടിനെ അനുകൂലിച്ച് ടി സിദ്ദിഖ് രംഗത്തെത്തിയത്. മലബാറിന് പുറത്തുള്ള നേതാക്കളെ വയനാട്ടിലേക്ക് കെട്ടിയിറക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പ്രമേയത്തിലൂടെ യൂത്ത് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്.

വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ മത്സരിക്കാൻ മലബാറിന് പുറത്തുള്ളവർ വേണ്ടെന്ന യൂത്ത് കോൺഗ്രസ് പ്രമേയത്തെ അനുകൂലിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദീഖ്.

വയനാട് സീറ്റിനായി കോൺഗ്രസിൽ അവകാശവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിന്‍റെ നിലപാടിനെ അനുകൂലിച്ച് ടി സിദ്ദിഖ് രംഗത്തെത്തിയത്. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയത്. മലബാറിന് പുറത്തുള്ള നേതാക്കളെ വയനാട്ടിലേക്ക് കെട്ടിയിറക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പ്രമേയത്തിലൂടെ യൂത്ത് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്.

സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പ്രമേയം അയച്ചുകൊടുത്തിട്ടുണ്ട്.

കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസ്സൻ, എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ എന്നിവർക്കൊപ്പം ടി സിദ്ദിഖിനെയും കോൺഗ്രസ് നേതൃത്വം വയനാട്ടിലേക്ക് പരിഗണിക്കുന്നുണ്ട്. ഇതിൽ സിദ്ദിഖ് മാത്രമാണ് മലബാറിൽ നിന്നുള്ള നേതാവ്. അതേസമയം യൂത്ത് കോൺഗ്രസിനെ മുൻ നിർത്തി മലബാറിലെ ചില കോൺഗ്രസ് നേതാക്കളാണ് വയനാട് സീറ്റിനായി ചരടുവലിക്കുന്നതെന്ന് പാർട്ടിക്കുള്ളിൽ തന്നെ സംസാരമുണ്ട്.