ബംഗാളിൽ സിപിഎമ്മുമായി തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തയ്യാറാണെന്ന് പിസിസി അദ്ധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര 

ദില്ലി ബംഗാളിൽ സിപിഎമ്മുമായി ധാരണയിലെത്താൽ കോണ്‍ഗ്രസ് തീരുമാനം. സിപിഎമ്മുമായി തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തയ്യാറാണെന്ന് പിസിസി അദ്ധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര അറിയിച്ചു. കോണ്‍ഗ്രസ് താൽപര്യം സംരക്ഷിച്ചു കൊണ്ടാകും ധാരണമെന്നും സോമേന്ദ്ര നാഥ് മിത്ര വിശദീകരിക്കുന്നു.

അതേസമയം ബംഗാളിലെന്നല്ല എവിടെയും തെരഞ്ഞെടുപ്പ് സഹകരണം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ സിപിഎം കോൺഗ്രസ് നേതാക്കൾക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം വേണമെന്നത് സിപിഎമ്മിന്‍റെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പിന്നാലെ പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേണ്‍ഗ്രസുമായി ചേര്‍ന്നല്ലാതെ നാമനിര്‍ദ്ദേശം നൽകാൻ പോലും ആകാത്ത വിധം ബംഗാളിലെ സിപിഎം മാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയിലേക്ക് മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്.

അതേസമയം കോൺഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോൽപ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി വിശദീകരിച്ചു, അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ചാകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്