തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്ക് മുന്നണി ഒരുങ്ങുമ്പോൾ  അധിക സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എം. ലീഗിനായാലും കേരളാ കോൺഗ്രസിനായാലും നിലവിലുള്ള സീറ്റിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. അധിക സീറ്റ് കിട്ടിയില്ലെങ്കിൽ നിലവിലുള്ള കോട്ടയം സീറ്റിൽ ആര് മത്സരിക്കുമെന്ന തര്‍ക്കം കേരളാ കോൺഗ്രസിൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്. 

ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെ പകരം ആരെന്ന ചോദ്യത്തിനും ഈ ഘട്ടത്തിൽ പ്രസക്തിയുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് കോൺഗ്രസ് നേതൃത്വം കെഎം മാണിയെ അറിയിച്ചിട്ടുണ്ട്. ഒരു സീറ്റ് മാത്രമെ ഉള്ളു എങ്കിൽ അത് പിജെ ജോസഫിന് വിട്ട് കൊടുക്കാൻ കെഎം മാണി തയ്യാറാകുമോ എന്നും കണ്ടറിയണം.

തർക്കം കേരളാ കോൺഗ്രസിന്‍റെ ആഭ്യന്തരപ്രശ്നമാണെന്ന് പറയുമ്പോഴും വിഷയത്തിൽ കോൺഗ്രസ് ഇടപെടാനുള്ള സാധ്യത ഏറെയാണ്. കോൺഗ്രസ് നേതാക്കൾക്ക് പിജെ ജോസഫിനോടാണ് ആഭിമുഖ്യം കൂടുതൽ. പാർട്ടി ഇടതുമുന്നണിയിലേക്ക് പോകാതെ തടഞ്ഞതിൽ ജോസഫിനുള്ള പങ്ക് തന്നെയാണ് പ്രധാന കാരണം. അതുകൊണ്ടു തന്നെ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചയ്ക്ക് എന്തായാലും കോൺഗ്രസ് ഇടപെടും.

കോട്ടയവും ഇടുക്കിയും വച്ച് മാറാമെന്ന ഫോര്‍മുല കോൺഗ്രസ്  മുന്നോട്ട് വക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇടുക്കിയിൽ സ്വാധീനമുള്ള പി ജെ ജോസഫിനോ ജോസഫ് പറയുന്ന ആൾക്കോ മൽസരിക്കാൻ ഇത് വഴിതെളിച്ചേക്കുമെന്നതിനാൽ മാണി ഇത്തരമൊരു നീക്കത്തിന് കൈകൊടുക്കില്ല. മാത്രമല്ല ജോസ് കെ മാണി രാജ്യസഭയിലുള്ള സാഹചര്യത്തിൽ അതിലും സീനിയറായ മറ്റൊരാൾ പാര്‍ലമെന്‍റിലേക്കെത്തുന്നതിലും കെഎം മാണിക്ക് താൽപര്യവുമില്ല 

എന്നാൽ പാര്‍ട്ടി പിന്നെയും പിളരുമെന്ന ഘട്ടം വന്നാൽ ജോസഫ് യുഡിഎഫ് പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയും നേതാക്കളിൽ ചിലരെങ്കിലും ജോസഫിനൊപ്പം പോകുകയും ചെയ്യുന്ന സാഹചര്യം കെഎം മാണി എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്