ലക്നൗ: പ്രിയങ്കയുടെ വരവോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 40 സീറ്റ് വരെ നേടുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം പി എൽ പുനിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രിയങ്കയുടെ പുതിയ ചുമതലയില്‍ ഏറെ പ്രതീക്ഷയിലാണ് യുപിയിലെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ പ്രിയങ്ക ഫാക്ടറിൽ ആശങ്കയില്ലെന്നാണ് ബിജെപിയുടെയും എസ് പി - ബി എസ് പി സഖ്യത്തിന്‍റെയും പ്രതികരണം. 

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉത്തർപ്രദേശിലെത്തും. രാഹുൽ ഗാന്ധിക്കൊപ്പം ലക്നൗവിലെത്തുന്ന കിഴക്കൻ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറൻ യുപിയുടെ ചുമതലക്കാരനായ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ സ്വീകരണം നല്‍കാനുളള തയ്യാറെടുപ്പിലാണ് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വിമാനത്താവളം മുതൽ പി സി സി ആസ്ഥാനം വരെ റോഡ് ഷോയും തുടര്‍ന്ന് പ്രിയങ്കയും സിന്ധ്യയും പാര്‍ട്ടി പ്രവര്‍ത്തകരുമായും വിവിധ സംഘടനാ നേതാക്കളുമായും മൂന്നു ദിവസം ചര്‍ച്ചയും നടത്തും. പ്രിയങ്ക ഫാക്ടറിൽ യുപിയിലെ പകുതി സീറ്റും ജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

പ്രിയങ്കയുടെ വരവിൽ പുതുമയില്ലെന്നും നേരത്തെ റായ്ബറേലിയിലും അമേതിയിലും പ്രിയങ്ക പ്രചാരണം നടത്തിയിട്ടുണ്ടെന്നും ബി ജെ പി മറുപടി നല്‍കി. പ്രിയങ്കയ്ക്ക്  42 ലോക്സഭാ സീറ്റുകളുടെ ചുമതലയും ജോതിരാദിത്യ സിന്ധ്യയ്ക്ക്  38 സീറ്റുകളുടെ ചുമതലയുമാണുള്ളത്.