കര്‍ഷക സമരത്തില്‍ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. യുപിയില്‍ ഇത്തവണ കാലിടറിയിരുന്നെങ്കില്‍  പാര്‍ട്ടിയുടെ ഭാവി സാധ്യത പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. 2024ലെ വിജയം ഉറപ്പിക്കുന്നതില്‍ ഈ വിജയം ബിജെപിക്ക് നിര്‍ണ്ണായകമാകും. 

ദില്ലി: സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തേരോട്ടം ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ (BJP) മാറ്റുകയാണ്. യുപിയിലെ (Uttarpradesh Election) വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതി. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്. 

കര്‍ഷക സമരത്തില്‍ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. യുപിയില്‍ ഇത്തവണ കാലിടറിയിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ഭാവി സാധ്യത പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. 2024ലെ വിജയം ഉറപ്പിക്കുന്നതില്‍ ഈ വിജയം ബിജെപിക്ക് നിര്‍ണ്ണായകമാകും. 

നരേന്ദ്രമോദി തന്നെ ഇപ്പോഴും ജനപ്രിയ നേതാവെന്ന് തെളിയിക്കുന്നതാണ് വിജയമെന്നാണ് ബിജെപിയുടെ അവകാശവാദം. ഏതൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെയും കടത്തിവെട്ടും വിധം കേന്ദ്ര നേതൃത്വമൊരുക്കുന്ന തന്ത്രങ്ങളും പ്രവര്‍ത്തന ശൈലിയുമാണ് വിജയത്തിനാധാരം. യഥാര്‍ത്ഥ പ്രത്യയശാസ്ത്രം പുറത്തെടുക്കാന്‍ ഈ വിജയം ബിജെപിക്ക് ധാരാളമാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടാനാകും. കാര്‍ഷിക നിയമങ്ങളുടെ തിരിച്ചടി ഭയന്ന് പിന്മാറേണ്ടി വന്നെങ്കിലും നിയമ പരിഷ്ക്കാര നടപടികളിലടക്കം തിരിയാന്‍ ഈ വിജയം പ്രേരിപ്പിച്ചേക്കാം.കാര്‍ഷിക മേഖലകളില്‍ ഈ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം തന്നെ അതിന് ഇന്ധനമാകും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കേ ആ അജണ്ടകളിലേക്ക് തിരിയാനും ഈ തേരോട്ടം ബിജെപിക്ക് ഊര്‍ജ്ജമാകും. 

യുപിയില്‍ തുടര്‍ഭരണം 37 വര്‍ഷത്തിന് ശേഷം,മോദിയുടെ പിൻഗാമിയാകുമോ യോ​ഗി? 

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിൻ്റെ (Yogi Adithyanath) വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.

രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിൻ്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.

Read Also: ഉത്തര്‍പ്രദേശില്‍ ബിജെപി സ്വന്തമാക്കിയത് 42 ശതമാനം വോട്ടുകള്‍; സമാജ്‍വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതവും കൂടി