Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല, അന്തിമ വോട്ടർ പട്ടിക നവംബർ 25ന്

ഒക്ടോബർ 31ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്

Jammu Kashmir polls are likely to be deferred to next year
Author
Jammu, First Published Aug 10, 2022, 3:32 PM IST

ജമ്മു: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിശ്ചയിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. നവംബർ 25ലേക്കാണ് നീട്ടിയത്. ഇതോടെ നേരത്തെ പ്രതീക്ഷിച്ചത് പോലെ ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനുള്ള സാധ്യത മങ്ങി. ഒക്ടോബർ 31ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. 

ഈ വർഷം ഒടുവിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോടൊപ്പം ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന ഇതോടെ ശക്തമായിരുന്നു. എന്നാൽ തീയതി നീട്ടിയതോടെ തെരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് മാറാനുള്ള സാധ്യത ഏറിയതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വോട്ടർ പട്ടിക തയ്യാറായാൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കശ്മീരിലെയും ചെനാബിലെയും മഞ്ഞുകാലത്തിന് ശേഷമേ തെര‍ഞ്ഞെടുപ്പിന് സാധ്യതയുള്ളൂ. അതേസമയം കൂടുതൽ പേർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാനാണ് തീയതി നീട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബർ ഒന്നിനോ അതിന് മുന്നെയോ പതിനെട്ട് വയസ്സ് തികഞ്ഞവർഞ്ഞ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരിൽ വോട്ടർ പട്ടിക പുതുക്കുന്നത്. ഇതിനിടെ മണ്ഡല പുനർ നിർണയവും പൂർത്തിയായിരുന്നു. 

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

മണ്ഡല പുനർ നിർണയം പൂർത്തിയായതോടെ ജമ്മു കശ്മീരിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 90 ആയി ഉയർന്നു. ജമ്മു ഡിവിഷനിൽ നാൽപ്പത്തിമൂന്നും കശ്മീർ താഴ്വരയിൽ 47 ഉം. കശ്മീർ താഴ്വരയിലെ 47 സീറ്റുകളിൽ 9 എണ്ണം പട്ടിക വർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.

സെപ്തംബർ 15ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കമ്മീഷന്റെ പ്രഖ്യാപനം. അന്ന് മുതൽ ഒക്ടോബ‍ർ 15 വരെ തിരുത്തലുകൾക്ക് അവസരമുണ്ടാകും. നവംബർ 10 ഓടെ പരാതികളെല്ലാം പരിഹരിച്ച് 25ന് അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പ്രഖ്യാപനം.  

 

Follow Us:
Download App:
  • android
  • ios