ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ മത്സരിക്കാനുള്ള സാധ്യത തെളിയുന്നു. സിപിഐ ജില്ലാ കമ്മറ്റി കാനം രാജേന്ദ്രനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കും.

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കാനം രാജേന്ദ്രൻ മത്സരിക്കാനുള്ള സാധ്യത തെളിയുന്നു. സിപിഐ ജില്ലാ കമ്മറ്റി കാനം രാജേന്ദ്രനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കും.

തിരുവനന്തപുരത്ത് കഴിഞ്ഞ തവണ മുന്നണി ആദ്യമായി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട നാണക്കേട് മാറ്റാൻ ഇത്തവണ രാഷ്ട്രീയ പോരാട്ടം തന്നെ വേണമെന്ന കാര്യത്തിൽ സിപിഐയിൽ രണ്ടഭിപ്രായമില്ല. എന്നാല്‍, അതിന് പറ്റിയ രാഷ്ട്രീയ നേതാവിനെ ജില്ലയിൽ നിന്ന് കണ്ടെത്താനാകുന്നില്ല. സീറ്റ് വച്ചുമാറാമെന്ന സിപിഎമ്മിന്‍റെ നിർദ്ദേശം സിപിഐ തള്ളുകളയും ചെയ്യുന്നു. അങ്ങനെയാണ് കാനം രാജേന്ദ്രന്‍റെ പേര് പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നത്.

വിജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക നൽകാനുള്ള നടപടികളിലേക്ക് ജില്ലാ കമ്മറ്റികൾ കടക്കുമ്പോൾ തിരുവന്തപുരത്ത് നിന്നുള്ള ആദ്യ പേര് പാർട്ടി സെക്രട്ടറിയുടേത് തന്നെ. പൊതുസമ്മതിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറി എന്ന പദവിയും കാനം രാജേന്ദ്രനെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാക്കുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. 2004ൽ പി കെ വാസുദേവൻ നായരെ വീണ്ടും തെര‍ഞ്ഞെടുപ്പ് രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിച്ച ചരിത്രം ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പാർലമെന്‍റ് രംഗത്തേക്കേ ഇല്ലെന്ന നിലപാടിലാണ്കാനം രാജേന്ദ്രൻ. നേരത്തെ രാജസഭാ സീറ്റിലേക്കുള്ള അവസരം വന്നപ്പോഴും കാനം പിന്മാറിയിരുന്നു. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്‍റെ പേരാവും പട്ടികയിൽ രണ്ടാമത്. പന്ന്യനും മത്സരിക്കാനില്ലെന്ന നിലപാടിലാണ്. മൂന്നാം പേര് പാർട്ടി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവിന്‍റേതാണ്. ഇതൊന്നും നടന്നില്ലെങ്കിൽ വീണ്ടും പൊതുസമ്മതാനായ സ്ഥാനാർത്ഥിയെന്ന പഴയ പരീക്ഷണത്തിലേക്ക് പാർട്ടി പോകേണ്ടിവരും.