ഇടുക്കി: ലോകസഭാ തെര‍ഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്. ഇടുക്കി കേരള കോണ്‍ഗ്രസിന്‍റെ ഹൃദയഭൂമിയാണെന്നും എന്നാൽ മതിയായ പ്രാതിനിധ്യം ഇല്ലെന്നും കേരള കോൺഗ്രസ്‌ എം വൈസ് ചെയർമാൻ ജോസ് കെ മണി പറ‌ഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ജോസ് കെ മാണി കേരള യാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിനിടെ പറഞ്ഞു.  

ലയത്തിന് ശേഷം പാര്‍ട്ടിയുടെ ശക്തിക്ക് അനുസരിച്ചുള്ള പാതിനിധ്യം ലോക്സഭയിലോ നിയമസഭയിലോ ലഭിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റെന്ന ആവശ്യം മുന്നണിയില്‍ ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമെ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

സീറ്റ് ചോദിക്കുന്നത് സമ്മർദ്ദമല്ലെന്നും ഓരോ പാർട്ടിക്കുമുള്ള അവകാശമാണെന്നും കെ എം മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി പറഞ്ഞിരുന്നു. 

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫും.  കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസിന് മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവ‍ർത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.