കോട്ടയം: ലോക്‍സഭയിലേക്ക് മത്സരിക്കാന്‍ പി ജെ ജോസഫ് തയ്യാറെടുക്കുന്നതോടെ കേരളാ കോൺഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി. ജോസഫിന് സീറ്റ് ഉറപ്പാക്കി മുന്നണിയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് കൂടി മുന്‍കൈ എടുക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് അറിയിക്കാനും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

രണ്ട് സീറ്റ് എന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ലോക്‍സഭാ സീറ്റിലേക്ക് പിജെ ജോസഫ് മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. തിങ്കളാഴ്ച കോണ്‍ഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാകുമെന്ന് ജോസഫ് വിഭാഗം കരുതുന്നില്ല. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് ആണെങ്കില്‍ പോലും സീറ്റ് ജോസഫ് വിഭാഗത്തിനു വേണം. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയ സാഹചര്യത്തില്‍ പകരം ലഭിക്കുന്ന ലോക്‍സഭാ സീറ്റ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നതാണ് ഇവരുടെ വാദം.

കോട്ടയമോ ഇടുക്കിയോ ആണെങ്കിലും മത്സരിക്കാന്‍ പി ജെ ജോസഫ് തയ്യാറാണ്. പാര്‍ട്ടിയിലും മുന്നണിയിലും പൊട്ടിത്തെറി ഒഴിവാക്കാന്‍ കോൺഗ്രസ് കൂടി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. ഉഭയ കക്ഷി ചര്‍ച്ചക്ക് മുമ്പ് ഞായറാഴ്ച കൊച്ചിയിലുള്ള കോണ്‍ഗ്രസ് നേതാക്കളെ ജോസഫ് വിഭാഗം കാണുന്നുണ്ട്.

പിജെ ജോസഫിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ പിളര്‍പ്പ് അനിവാര്യമായ സാഹചര്യമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്. അതേ സമയം ജോസ് കെ മാണിയുടെ കേരള യാത്ര വേളയില്‍ തന്നെ പാര്‍ട്ടിയില്‍ ഭിന്നത തലപൊക്കിയതിന്‍റെ കടുത്ത പ്രതിഷേധത്തിലാണ് മാണി വിഭാഗം.

അതേസമയം, കേരളയാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാത്തത് ഭിന്നത മൂലമല്ലെന്നാണ് പി ജെ ജോസഫ് പരസ്യമായി പറയുന്നത്. ഇന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ജോസ് കെ മാണിയുടെ കേരള യാത്രയുടെ സമാപനച്ചടങ്ങ്. തൊടുപുഴയിലും കൊല്ലത്തും പി ജെ ജോസഫ് യാത്രയിൽ പങ്കെടുത്തത് കേരളാ കോൺഗ്രസ് ഒറ്റക്കെട്ടെന്നതിന് തെളിവെന്ന് മോൻസ് ജോസഫ് പറയുന്നു. എങ്കിലും ഭിന്നത തുടരുന്നത് യുഡിഎഫിൽ ആശങ്ക സൃഷ്ടിക്കുകയാണ്.

1989-ല്‍ മൂവാറ്റുപുഴ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട് തനിച്ച് മത്സരിച്ചയാളാണ് പി ജെ ജോസഫ്. മുന്നണി വിടാന്‍ ആലോചനയില്ലാത്തതിനാല്‍ അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. പക്ഷെ തെരഞ്ഞെടുപ്പ് സമയത്ത് മുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടാകാതെ നോക്കേണ്ട ബാധ്യത കോണ്‍ഗ്രസിനാണെന്ന് സൂചിപ്പിച്ച് പ്രശ്ന പരിഹാരത്തിന് പുറത്തു നിന്നുള്ള സഹായം തേടുകയാണ് ജോസഫ് വിഭാഗം.