കേരളാകോൺഗ്രസിന്‍റെ കോട്ടയും പരമ്പരാഗത യുഡിഎഫ് ശക്തികേന്ദ്രവുമായ കോട്ടയത്ത് 2009 ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ജോസ്കെ മാണിയാണ്. ആദ്യ ജയം 70000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നെങ്കിൽ 2014 ൽ അത്  120,599 വോട്ടായി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളാ കോൺഗ്രസ് എം യുഡിഎഫ് വിടുകയും ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിന് മുൻപ് തിരിച്ചെത്തുകയും ചെയ്തപ്പോൾ ലയന ഫോര്‍മുലയെന്ന പേരിൽ ജോസ് കെ മാണിക്ക് ടിക്കറ്റ് കിട്ടിയത് രാജ്യസഭയിലേക്കാണ്. കോട്ടയത്ത് പകരമാര് മത്സരിക്കും.? കോൺഗ്രസ് സീറ്റ് ഏറ്റെടുക്കാനിടയുണ്ടോ?  അഭ്യൂഹങ്ങൾക്കൊന്നും ഉത്തരമായില്ലെങ്കിലും കോട്ടയത്തിന്‍റെ വികസന നേട്ടങ്ങളിലാണ് ജോസ് കെ മാണിയുടെ വിജയപ്രതീക്ഷ. ഫൈവ് ഇയര്‍ ചലഞ്ചിൽ കോട്ടയം എംപി ജോസ് കെ മാണി  

അഞ്ചു വർഷം എന്ത് ചെയ്തു

മറ്റേത് മണ്ഡലത്തേക്കാളും വികസന കാര്യത്തിൽ ഒരുപാട് മുന്നോട്ട് പോയിട്ടുള്ള മണ്ഡലമാണ് കോട്ടയം. റോഡുകളും പാലങ്ങളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അതിനപ്പുറം എന്തുണ്ടാക്കാമെന്നുള്ളതായിരുന്നു ആലോചന.

ആദ്യ പരിഗണന അക്ഷരത്തിന്

ലാന്‍റ് ഓഫ് ലെറ്റ്ഴ്സ് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് പലരും വിദേശ രാജ്യങ്ങളെയോ മറ്റു സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. സാധാരണക്കാരായ കുട്ടികൾക്ക് നാട്ടിൽത്തന്നെ പഠിക്കാനുള്ള സംവിധാനം ഉണ്ടാക്കുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ്,  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ആന്‍റ് ജേണലിസം എന്നിവക്കൊപ്പം രണ്ടാമതൊരു കേന്ദ്രീയ വിദ്യാലയം, സയൻസിറ്റി എന്നിവയും കൊണ്ട് വരാനായി എന്നുള്ളതാണ്  ഏറ്റവും വലിയ നേട്ടം.

കോട്ടയം മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന റെയിൽവേ സ്റ്റേഷനുകൾ മുളന്തുരുത്തി, വൈക്കം റോഡ്, പിറവം റോഡ്, കുറുപ്പൻതറ,ഏറ്റുമാനൂർ, ചിങ്ങവനം എന്നിവയാണ്. ഇതിൽ മുളന്തുരുത്തി മുതൽ കുറുപ്പന്തറ വരെയുള്ള 24 കിമി പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ അപ്പാടെ പൊളിച്ച് മാറ്റി ഏറ്റുമാനൂർ അതിരമ്പുഴ റോഡിലേക്ക് മാറ്റി പണിയാനായി; മാന്നാനത്ത്  ബഹുനില ബൈക്ക് പാർക്കിംങ് സംവിധാനം 2 കോടി മുതൽ മുടക്കിൽ ഉണ്ടാക്കാനായി. 
എം സി റോഡിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുന്ന രീതിയിൽ നാഗമ്പടത്ത് റെയിൽവേയുടെ പുതിയ മേൽപ്പാലം നിർമിച്ചു. 13 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാലങ്ങളോട് കൂടി നിർമിച്ച നാഗമ്പടം മേൽപ്പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലമാണ്. 

വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആധുനിക മോർച്ചറി നിർമിക്കാനായി 30 ലക്ഷം രൂപ അനുവദിച്ചു. അതിന്‍റെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ദേശീയ ആരോഗ്യപദ്ധതിയിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 3.5 കോടി രൂപ അനുവദിക്കാനായി. 

ആധുനിക കെട്ടിട സമുച്ചയം, വ്യാപാരത്തിനായി പ്രത്യേകം സ്റ്റാളുകൾ, ഐസ് പ്ലാന്‍റുകൾ, മാലിന്യജല ശുദ്ധീകരണ സംവിധാനങ്ങൾ, തൊഴിലാളികൾക്ക് വിശ്രമമുറി എന്നിവയോട് കൂടിയ ആധുനിക നിലവാരത്തിലുള്ള ഹൈടെക് മത്സ്യമാര്‍ക്കറ്റ്  3.92 കോടി മുടക്കി നിർമിച്ചു.

40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള 1275 ഭിന്നശേഷിക്കാർക്ക് 85 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. വീൽ ചെയറുകൾ, മുച്ചക്ര സൈക്കിളുകൾ, ശ്രവണസഹായി, മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള കിറ്റുകൾ, കൃത്രിമ കൈകാലുകൾ, അന്ധരായവർക്കുള്ള സ്റ്റിക്കുകൾ എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 

റബ്ബർ കർഷകർക്ക് വേണ്ടി കോട്ടയം തിരുനക്കര മൈതാനത്ത് അഞ്ച് ദിവസം നീണ്ട് നിന്ന നിരാഹാര സമരം കേരള രാഷ്ട്രീയത്തിലെ തന്നെ ചരിത്ര സമരങ്ങളിൽ ഒന്നായിരുന്നു. റബ്ബർ വിലത്തകർച്ചയിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ കാർഷിക ദുരന്തത്തെയാണ് സംസ്ഥാനം നേരിടുന്നതെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. സമരത്തെ തുടര്‍ന്ന് സ്വാഭാവിക റബ്ബർ ഇറക്കുമതി മാർച്ച് 31 വരെ കേന്ദ്ര സർക്കാർ നിര്‍ത്തിവച്ചു.

കോട്ടയത്തിന് ഇൻഡോർ സ്റ്റേഡിയം, ഭരണങ്ങാനത്തെ അത്യാധുനിക നീന്തൽക്കുളം, പിറവം ഇട്ട്വാർമല കുടിവെള്ള പദ്ധതിക്ക് 54 ലക്ഷം രൂപ വകയിരുത്തിയത്, ഉദയനാപുരത്തിന് 8 കോടി രൂപയുടെ കുടിവെള്ള പദ്ധതി, റോഡ് പുനരധിവാസത്തിന് 17 കോടി എന്നിങ്ങനെ പിന്നെയുമുണ്ട് വികസന പദ്ധതികൾ

അഞ്ച് വര്‍ഷത്തിനിടെ നടക്കാതെ പോയ പദ്ധതികൾ
ലക്ഷ്യം വച്ച പദ്ധതി മിക്കവാറും പൂര്‍ത്തിയാക്കാനായെങ്കിലും  കോട്ടയത്തെ മൊബിലിറ്റി ഹബ്ബ് സ്വപ്ന പദ്ധതിയാണ്.  ചതുപ്പ് നിലമായി കിട്കുന്ന നനൂറോളം ഏക്കറിൽ  റെയിൽവേ ലൈൻ വന്ന്  കോച്ചിംങ് ടെർമിനലും അവിടെയുള്ള കൊടൂർ ആറിലൂടെയുള്ള ബോട്ട് സർവ്വീസും അതിനൊപ്പം തന്നെ ബസ് സർവ്വീസും കൂടി ചേർത്ത് വലിയൊരു പദ്ധതിയാണ് വിഭാവനം ചെയ്തത്.  പലവിധ കാരണങ്ങളാൽ മുടങ്ങിയ പദ്ധതി പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നാടിന്‍റെ മുഖച്ഛായ തന്നെ  മാറുമായിരുന്നു 

 കോട്ടയത്ത് അടിയന്തരമായി  ചെയ്യാനുള്ളത്. 

വൺ എം പി വൺ ഐഡിയ എന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ്  ഒരു പാർലമെന്‍റ്  മണ്ഡലത്തിൽ സംഘടിപ്പിക്കുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ആർക്കും പ്രായഭേദമില്ലാതെ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് നൽകിയത്. ആശയം ഏതു മേഖലയിൽ നിന്നുള്ളതുമാകാം. മണ്ഡലത്തിലെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന പ്രായോഗിക ആശയങ്ങൾ ക്രോഡീകരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, മാലിന്യ നിർമാർജനം, ഊർജം, പരിസ്ഥിതി, സാമൂഹ്യ സേവനം തുടങ്ങി മേഖലകളിൽ വികസമ പദ്ധതികൾ നടപ്പാക്കണം

അഞ്ച് വര്‍ഷത്തിനിടെ നേരിട്ട വെല്ലുവിളികൾ

വെല്ലുവിളി എന്ന് പറയാവുന്നത്  കേന്ദ്രസർക്കാരിന്‍റെ സ്ഥാപനങ്ങൾ ആവശ്യപ്പടുമ്പോഴൊക്കെ അതിനാവശ്യമായ സ്ഥലം കിട്ടാതെ വരാറുണ്ട്. സ്ഥലം ശരിയാക്കി അതിന് വേണ്ട കാര്യങ്ങളെല്ലാം നടപ്പിലാക്കി വരാൻ ഒരു 3 വർഷമെങ്കിലും പിടിക്കും. ഈ വെല്ലുവിളി പല പദ്ധതികളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.

കോട്ടയത്തെ മത്സര സാധ്യതയും വിജയസാധ്യതയും

നൂറ്റിയൊന്ന് ശതമാനമാണ് കോട്ടയത്തെ വിജയസാധ്യത. വികസനങ്ങൾ ഒന്നും വെറും  പറച്ചിലല്ല.. ആളുകൾക്ക് കാണാനാകുമല്ലോ. വൻ ഭൂരിപക്ഷത്തോടെ ജയിക്കും.