മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും തന്നെ ലീഗിന്‍റെ ലോക്സഭാ സീറ്റുകളില്‍ മല്‍സരിക്കും. പൊന്നാനിയില്‍ നിന്ന് ഇ ടിയെ മാറ്റാന്‍ ലീഗ് ആദ്യഘട്ടത്തില്‍ നടത്തിയ ആലോചനകള്‍ പുതിയ സാഹചര്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗിനകത്ത് ആശയക്കുഴപ്പം രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം പിമാര്‍ തന്നെ സ്ഥാനാര്‍ത്ഥികളാകുമെന്ന വ്യക്തമാക്കിയെങ്കിലും ലീഗ് രണ്ട് മാസത്തിലേറെയായി പൊന്നാനി, മലപ്പുറം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് മനസ്സ് തുറന്നിരുന്നില്ല. പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറിനെ മാറ്റി സമദാനിക്കോ ഷംസുദ്ദിനോ ഫിറോസിനോ അവസരം നല്‍കാനായിരുന്നു ആലോചന.

കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇടിയെ മല്‍സരിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊക്കെ അവസാനിപ്പിച്ചാണിപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും ഇടിയെയും തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്.

മലപ്പുറത്ത് മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ താല്പര്യം പ്രകടിപ്പിക്കുയായിരുന്നു. ഇതോടെ പൊന്നാനി സീറ്റിന്റെ കാര്യത്തിലും വീണ്ടുവിചാരമുണ്ടായി. മുത്തലാഖ് ബില്ലിലെ നിലപാടോടെ അണികളുടെ ഇടയില്‍ വീണ്ടും വികാരമായി മാറിയ ഇ ടിയെ പൊന്നാനിയില്‍ നിന്നും പിന്‍വലിക്കുന്നത് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തി.

അതേ സമയം, മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്തയും യൂത്ത് ലീഗും സമ്മര്‍ദ്ദം തുടരുന്നതിനിടെ ലീഗില്‍ ആശയക്കുഴപ്പം ശക്തമായിരിക്കുകയാണ്. മൂന്നാം സീറ്റ് ചോദിക്കണമെന്ന നിലപാടിലൊരു വിഭാഗം ഉറച്ചു നില്‍ക്കുമ്പോള്‍ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി വൈകാരികമായി പ്രതികരിക്കേണ്ടെന്നാണ് പല പ്രമുഖ നേതാക്കളുടെയും നിലപാട്.

സീറ്റിന് വേണ്ടി ശാഠ്യം പിടിക്കേണ്ടെന്നും പരസ്യമായ തര്‍ക്കം വേണ്ടെന്നുമുള്ള നിലപാട് ഉന്നതാധികാരസമിതിയിലെ ചിലര്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നാം സീറ്റെന്ന നിലപാടില്‍ നിന്ന് ലീഗ് അയയുന്നതിനുള്ള കാരണങ്ങളിവയാണ്. വയനാട് സീറ്റ് മാത്രമാണ് സംഘടനയ്ക്ക് അടിത്തറയുള്ള ആവശ്യപ്പെടാവുന്ന വിജയസാധ്യതയുള്ള സീറ്റ്.

അത് ചോദിച്ച് വാങ്ങിയാല്‍ വര്‍ഗ്ഗീയ ദ്രുവികരണമുണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. കാസര്‍ഗോഡും വടകരയും ലഭിച്ചാലും ജയിച്ചു കയറുക എളുപ്പമല്ല. പാലക്കാടടക്കം മറ്റു സീറ്റുകളിലൊന്നും പാര്‍ട്ടിക്ക് കാര്യമായ സംഘടനാസംവിധാനവുമില്ലാത്തതിനാല്‍ തര്‍ക്കമുണ്ടാക്കി സീറ്റ് വാങ്ങി തോല്‍ക്കേണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ മൂന്നാം സീറ്റിനായി പരസ്യമായ തര്‍ക്കത്തിന് ലീഗ് മുതിര്‍ന്നേക്കില്ല.