കൊച്ചി: ദീര്‍ഘകാലമായി മത്സരിക്കുന്നവര്‍ യുവാക്കൾക്ക് വേണ്ടി വഴിമാറണമെന്ന ആവശ്യം ശക്തമായിരിക്കെ എറണാകുളത്തെ സ്ഥാനാര്‍ത്ഥി താൻ തന്നെ എന്ന് ഉറപ്പിച്ച് കെവി തോമസ്.  സിറ്റിങ് എം പിമാർ  വീണ്ടും മൽസരത്തിന് ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ്  എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വീണ്ടും  യുഡിഎഫ് സ്ഥാനാർഥിയാകാനൊരുങ്ങി  കെ വി തോമസ് രംഗത്തെത്തുന്നത്. പ്രായമല്ല പ്രവർ‍ത്തനമികവാണ് സ്ഥാനാർഥി നിർണയത്തിൽ നിർണായകമെന്ന്  അദ്ദേഹം  പറയുന്നു. 

ചെറുപ്പക്കാര്‍ക്ക് സീറ്റ് നൽകണമെന്ന് തന്നെയാണ് നിലപാട്. പക്ഷെ കൊടുക്കാവുന്ന മണ്ഡലങ്ങൾ ഉണ്ട്, ജയസാധ്യത നോക്കിയാകണം സ്ഥാനാര്‍ത്ഥി നിര്‍ണയം. അത് കൂടി പരിഗണിച്ച് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാന്‍റ് എടുക്കുമെന്നാണ് കെവി തോമസ് പറയുന്നത്. 

കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുളള വികസന പദ്ധതികൾ തന്‍റെ കൂടി മേൽനോട്ടത്തിൽ വന്നതാണെന്നും കെവി തോമസ് ഓര്‍മ്മിപ്പിക്കുന്നു,. മാലിന്യസംസ്കരണം, കുടിവെളളപ്രശ്നം, അടിസ്ഥാന വികസനം തുടങ്ങിയവയാണ് ഇനിയും ശേഷിക്കുന്ന സ്വപനങ്ങൾ. ഇതെല്ലാം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാൻ അടുത്ത ഒരു അഞ്ച് വര്‍ഷം കൂടി വേണമെന്നാണ് കെവി തോമസിന്‍റെ ആവശ്യം. മാത്രമല്ല എറണാകുളത്തെ കോൺഗ്രസിന്‍റെ നേതൃനിരയിൽ എല്ലാക്കാലവും താനുണ്ടായിരുന്ന കാര്യവും കെവി തോമസ് പറയുന്നു.

മത്സര സാധ്യത ഉറപ്പിച്ച് കെ വി തോമസ് മുന്നോട്ട് പോകുമ്പോൾ യൂത്ത് കോൺഗ്രസ് അടക്കം പാര്‍ട്ടിയിലെ യവ നിര എന്ത് പറയുമെന്നാണ് ഇനി അറിയേണ്ടത്