Asianet News MalayalamAsianet News Malayalam

ചാലക്കുടിയില്‍ ആര്? മത്സരിക്കാനില്ലെന്ന് ഇന്നസെന്‍റ് , പകരക്കാരനെ തേടി സിപിഎം

2014 ൽ കോൺഗ്രസിലെ പി സി ചാക്കോയെ പതിമൂന്നായിരത്തിൽപ്പരം വോട്ടിന് അട്ടിമറിച്ച് പാർലമെന്‍റിലെത്തിയ ഇന്നസെന്‍റ് പക്ഷേ ഇത്തവണ മൽസരത്തിനിറങ്ങുന്ന ലക്ഷണമില്ല

loksabha election who will contest in Chalakudy
Author
Chalakudy, First Published Feb 4, 2019, 7:36 AM IST

കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സിപിഎം ഇന്നസെന്‍റിന് പകരക്കാരനെ തേടുന്നു. ഇനി മൽസരത്തിനില്ലെന്ന് ഇന്നസെന്‍റ് തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. എന്നാൽ പാർടി ആവശ്യപ്പെട്ടാൽ ഇന്നസെന്‍റ് മനസുമാറ്റുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ.

2014 ൽ കോൺഗ്രസിലെ പി സി ചാക്കോയെ പതിമൂന്നായിരത്തിൽപ്പരം വോട്ടിന് അട്ടിമറിച്ച് പാർലമെന്‍റിലെത്തിയ ഇന്നസെന്‍റ് പക്ഷേ ഇത്തവണ മൽസരത്തിനിറങ്ങുന്ന ലക്ഷണമില്ല. ഇനിയൊരങ്കത്തിനില്ലെന്ന് ലേഖനവുമെഴുതുകയും ചെയ്തു. ഇതോടെയാണ് സ്ഥാനാർഥിക്കായി സി പി എം അന്വേഷണം തുടങ്ങിയത്. 

രണ്ടു ജില്ലകളിലായി കിടക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ തൃശൂർ - എറണാകുളം ജില്ലകളിൽ പരിചിതമായ മുഖങ്ങളെയാണ് തേടുന്നത്. മുൻ രാജ്യസഭാഗവും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് ഇതിൽ പ്രമുഖൻ. മാള സ്വദേശിയായ രാജീവ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. എന്നാൽ ഈ പരമ്പരാഗത കോൺഗ്രസ് മണ്ഡലത്തിൽ ജയമുറപ്പുണ്ടെങ്കിൽ മാത്രമേ രാജീവിനേപ്പൊലൊരാളേ മൽസരിപ്പിക്കാവൂ എന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ വാദം. 

യാക്കോബായ സഭയ്ക്ക് പ്രാമുഖ്യമുളള മണ്ഡലത്തിൽ മുൻ പെരുമ്പാവൂര്‍ എം എൽ എ സാജു പോളിനേയും പരിഗണിക്കുന്നുണ്ട്. എന്നാൽ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും പരിഗണനാ പട്ടികയിൽ നിന്ന് ഇന്നസെന്‍റിനെ ഒഴിവാക്കിയിട്ടില്ലെന്നുമാണ് സിപിഎം നിലപാട്. ഇന്നസെന്റ് മൽസരിക്കുമോ ഇല്ലയോ എന്നറഞ്ഞിട്ടേ ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനമാകൂ. മൽസരിക്കാൻ തയാറാണെന്ന് മുൻ എം പി കെ പി ധനപാലൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ചാലക്കുടിയിൽ മൽസരിക്കണോയെന്ന കാര്യത്തിൽ ഇന്നസെന്‍റിന് പാർട്ടിക്ക് മുന്നിൽ ഉടൻ നയം വ്യക്തമാക്കേണ്ടിവരും. 

Follow Us:
Download App:
  • android
  • ios