എന്നോടിടഞ്ഞാൽ ഞാൻ തിരിച്ചടിക്കുമെന്നും ആർബിഐ മുതൽ സിബിഐ വരെ എല്ലാവരും മോദിയോട് 'ബൈബൈ' പറയുന്നതെന്തിനെന്നും മമത. കള്ളൻമാർക്ക് വേണ്ടി സത്യാഗ്രഹമിരുന്ന ആദ്യമുഖ്യമന്ത്രിയാണ് മമതയെന്ന് മോദി.
കൊൽക്കത്ത: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി കള്ളൻമാരായ പൊലീസുദ്യോഗസ്ഥർക്ക് വേണ്ടി സത്യാഗ്രഹമിരുന്ന ആദ്യമുഖ്യമന്ത്രിയാണ് മമതാ ബാനർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മമതയ്ക്കെതിരെ മോദി ആഞ്ഞടിച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനുമെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ കടന്നാക്രമണം. രാജീവ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്യാനെത്തിയത് രാഷ്ട്രീയസമ്മർദ്ദം മൂലമാണെന്നും സംസ്ഥാനങ്ങളുടെ ഫെഡറൽ സംവിധാനത്തിലേക്ക് മോദി കടന്നു കയറുകയാണെന്നും ആരോപിച്ചാണ് മമത കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയത്.
എന്നാൽ മോദിയ്ക്ക് ശക്തമായ മറുപടി നൽകി മമതാ ബാനർജിയും രംഗത്തെത്തി. മോദിയ്ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാമെന്ന് മമത ചോദിച്ചു. ഗോധ്രയും കലാപങ്ങളും കടന്നാണ് മോദി പ്രധാനമന്ത്രിയായത്. റഫാലിന്‍റെയും നോട്ട് നിരോധനത്തിന്‍റെയും അഴിമതിയുടെയും ആശാനാണ് മോദി. നിങ്ങൾ 'മോദി ബാബു' എന്ന് വിളിച്ചോളൂ, പക്ഷേ ഞാൻ 'മാഡ്-ഡി ബാബു' (ഭ്രാന്തൻ) എന്നാണ് വിളിക്കുകയെന്നുമാണ് മമതാ ബാനർജി തിരിച്ചടിച്ചത്.
നിങ്ങളെന്നെോട് പംഗ (കളിച്ചാൽ) ഞാൻ തിരിച്ചടിക്കും (ചംഗ) എന്നും, ആർബിഐ മുതൽ സിബിഐ വരെ എല്ലാവരും മോദിയോട് 'ബൈബൈ' പറയുന്നതെന്തിനെന്നും മമത ചോദിക്കുന്നു.
