ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി അണ്ണാ ഡിഎംകെ സഖ്യം ഉറപ്പായി. സഖ്യപ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് അണ്ണാ ഡിഎംകെ കോര്‍കമ്മിറ്റി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു വ്യക്തമാക്കി. വരുന്ന വെള്ളിയാഴ്ച്ച തമിഴ്നാട്ടിലെത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിദ്ധ്യത്തിലാകും പ്രഖ്യാപനം.

മേഖല തിരിച്ച് സീറ്റ് നിര്‍ണയത്തിനുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പിഎംകെ, ഡിഎംഡികെ പാര്‍ട്ടികളുടെ സീറ്റുകള്‍ സംബന്ധിച്ചും അന്തിമ ധാരണയിലേക്ക് എത്തിയിരിക്കുകയാണ്. കോയമ്പത്തൂര്‍,കന്യാകുമാരി,തെങ്കാശി,ശിവഗംഗ,പേരാമ്പല്ലൂര്‍,സൗത്ത് ചെന്നൈ ഉള്‍പ്പടെ എട്ട് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ധര്‍മ്മപുരി ഉള്‍പ്പടെ നാല് സീറ്റുകള്‍ പിഎംകെയ്ക്കും സെന്‍ഡ്രല്‍ ചെന്നൈ,കടലൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങള്‍ ഡിഎംഡികെയ്ക്കും നല്‍കും. പിഎംകെ നേതാവ് അന്‍പുമണി രാംദോസ്,ഡിഎംഡികെയുടെ വിജയകാന്ത് എന്നിവരുമായുള്ള അവസാന വട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചൊവ്വാഴ്ച്ച ചെന്നൈയിലേക്ക് എത്തും. 

എഐഡിഎംകെ സഖ്യത്തിലൂടെ മുപ്പത് ശതമാനം വോട്ട് ഉറപ്പിക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 15 സീറ്റ് നേടാന്‍ കഴിയുന്നത് പോലും ദേശീയതലത്തില്‍ വലിയ നേട്ടാമാകും എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി മാത്രമാണ് ബിജെപിക്ക് ഒപ്പം നിന്നത്.ഡിഎംകെ കോണ്‍ഗ്രസ് സഖ്യം തമിഴ്നാട്ടില്‍ വന്‍മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍.എന്നാല്‍ മൂന്ന് ശതമാനം വോട്ട് മാത്രമുള്ള ബിജെപിക്ക് ഒപ്പം എഐഡിഎംകെ,പിഎംകെ,എംഡിഎംകെ പാര്‍ട്ടികള്‍ കൂടി ചേരുന്നതോടെ ഇരുസഖ്യങ്ങളുടേയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്.