Asianet News MalayalamAsianet News Malayalam

മൂന്നാം സീറ്റ് ; മുസ്ലീംലീഗ് നിലപാട് കടുപ്പിച്ചേക്കില്ല, സിറ്റിംഗ് എംപിമാ‍‍ര്‍ മത്സരിക്കും

മൂന്നാം സീറ്റെന്ന ആവശ്യമുന്നയിക്കും. എന്നാല്‍ കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ മുന്നണി ബന്ധം വഷളാക്കരുതെന്ന അഭിപ്രായമാണ് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലുണ്ടായത് 

Muslim League may not pressurise for third seat
Author
Trivandrum, First Published Feb 2, 2019, 5:53 PM IST

മലപ്പുറം: മൂന്നാമത് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിക്കേണ്ടെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗത്തിൽ ധാരണയുണ്ടായതായി സൂചന. സമസ്ത അടക്കമുള്ള സംഘടനകളും ഒരുവിഭാഗം നേതാക്കളും മൂന്നാം സീറ്റെന്ന ആവശ്യത്തിന് ലീഗിനെ നിര്‍ബന്ധിക്കുന്പോള്‍ അതിനെ അവഗണിക്കാൻ മുസ്ലീം ലീഗ് നേതൃത്വത്തിന് സാധിക്കില്ല. അതുകൊണ്ടു തന്നെ സീറ്റ് വേണമെന്ന ആവശ്യം പുറത്ത് ഉന്നയിക്കാനും അവസരം വരുന്പോൾ വിട്ടുവീഴ്ചക്ക് തയ്യാറാകാനുമാണ് നേതാക്കൾക്കിടയിൽ ധാരണയെന്നാണ്  വിവരം 

മൂന്ന് സീറ്റിന് അര്‍ഹതയുണ്ടെന്ന വാദത്തിൽ വിട്ടു വീഴ്ചയൊന്നും ഇല്ല. അത് പരസ്യമായി ആവശ്യപ്പെടുന്നതോടെ അവകാശ വാദം നിലനിൽക്കുകയും ചെയ്യും. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫ് ഉഭയക്ഷി ചര്‍ച്ചയിൽ വലിയ കുടുംപിടുത്തം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നാണ് വിവരം.10ാം തിയ്യതി നടക്കുന്ന യോഗത്തില്‍ മുന്നാം സീറ്റെന്ന ആവശ്യമുന്നയിക്കും. എന്നാല്‍ കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ മുന്നണി ബന്ധം വഷളാക്കരുതെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും മത്സരിക്കാനാണ് തീരുമാനം

എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതി യോഗത്തിൽ ചര്‍ച്ച ചെയ്തെന്ന് യോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന് മുൻപ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമസ്തയുടെയും ഒരു വിഭാഗം നേതാക്കളുടെയും സമ്മര്‍ദ്ദം കടുത്ത സാഹചര്യത്തില്‍ മുന്നാം സീറ്റിനായുള്ള ആവശ്യം ഉന്നയിക്കാതിരുന്നാല്‍ വോട്ടുചോര്‍ച്ചയുണ്ടാകുമോയെന്ന ഭയം ലീഗിനുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യത്തില്‍ അവസാനഘട്ടം വരെ  ലീഗ് ഉറച്ച് നില്‍ക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.  എന്നാല്‍ ലീഗിന് സീറ്റ് നല്‍കുന്നത് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കുമെന്ന മുന്നറിയിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും നല്‍കിയതായാണ് സുചന
 

Follow Us:
Download App:
  • android
  • ios